Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

5 comments:

  1. ഇത് തന്നെയാണ് ഞങള്‍കും പരയ്നുള്ള്ത് .........ബ്ലൊഗ് വളരെ ഇഷ്ട്പ്പെട്ടു...............................
    പ്രാര്‍തനയൊടെ................................
    അസീസ് പാലെരി...............................

    ReplyDelete
  2. oru kaaryam vittu..ee madhyamangal maranapetta veedukalil chennu avarude bandhukalodu nadathiya sambashanagal... athum kanunnavare orupad budhimuttichu, veendum veendum chodhich avar kadichamarthunna dhukam vit chanel rating koottunna reportarmar... onnu veruthe vidu avare ennu screenil noki paranhu poyi avasanam....(nice blog keep it up)

    ReplyDelete
  3. പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല.

    സത്യം പറയുന്നു താന്കള്‍.. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. തികച്ചും വെത്യസ്ഥമായ ബ്ലോഗ്‌. ഇടയ്ക്കു ഗൌരവവായനക്ക് ഇവിടെയും വരാം. അഭിനന്ദനങ്ങള്‍...

    ReplyDelete