Wednesday, April 29, 2009

പൂച്ച മഹായുദ്ധം..

ചെമ്പന്‍ പൂച്ച പറഞ്ഞു " ഞമ്മള്‍ സിമ്മങ്ങളാണ് , ഞമ്മളതാണ് കാട്.... മറ്റുള്ളോലിക്ക് ഈടെ ഒരു അധികാരോമില്ല , അവകാശോമില്ല..."
കറുമ്പന്‍ പൂച്ച മറുപടി നല്കി. "ഇങ്ങള്‍ എണ്ണം പറഞ്ഞു പേടിപ്പിക്കണ്ട .... ഞാള് പുല്യെളാണ് .... കാടിന്റെ പാതി ഞമ്മക്ക്‌ വേണം ...."

" കാല് കുത്തിക്കൂല......"

"കാലും കുത്തും കയ്യും കുത്തും ........"

" നെരത്തി അടിയെടാ ഓലെ എല്ലാരേയും...."


" കൊല്ലടാ ഹംക്കുങ്ങളെ ......"


സിംഹങ്ങളും പുലികളും യുദ്ധം തുടങ്ങി.. ആയുധങ്ങളിറങ്ങി....

വെട്ടു കത്തിയും വടിവാളും തുടങ്ങി കെ 47 ഉം റോകറ്റുലോഞ്ചര്‍ വരെ നിരത്തി കെട്ടി... സയനൈഡ് ടപ്പിയും ചാവേറുകളും നിര നിര നിരന്നു ....

പുലി നേതാവ് കറുമ്പനെ ഇന്നത്തോടെ തീര്‍ക്കുമെന്ന് ചെമ്പന്റെ പത്ര സമ്മേളനം .......
രോമം തൊടില്ലെന്ന് കരുമ്പന്മാര്.......

മ്യാവൂ... ങ്യാവൂ... ഹര്‍ .... ഗ്ര്‍.... ഹ്ന്ഗ്യാവൂ... ങ്യാവൂ

* * * * * * * * * * * * * * * * * * * * * * * * * * * * * *

യുദ്ധം താത്കാലികമായി നിറുത്തിവച്ചു.....
ഔദ്യോഗിക യുദ്ധകണക്കു പുറത്തു വന്നു...

തല പോയവര്‍ - 25 ലക്ഷം (അനൌദ്യോകികം - പടച്ചോനിക്ക് മാത്രം അറിയാം ...)

കൈ, കാല്, വാല്‍ മുതലായവ പോയവര്‍ - ..................... മലയാളത്തില്‍ എണ്ണം കൂട്ടി പറയാന്‍ അറിയില്ല (മറു ഭാഷയില്‍ എണ്ണമുണ്ടെന്നു ബഹു ഭാഷ പണ്ഡിതന്‍...)

വാലും ചുരുട്ടി നാടും വിട്ടു മണ്ടിയവര്‍ - .... പടചോനിക്കും പടപ്പിനും എണ്ണാന്‍ആയിട്ടില്ല ..

കൊട്ടാരത്തിലെ എ സി സ്റ്റുഡിയോയില്‍ ചെമ്പന്റെ വാര്‍ത്താ സമ്മേളനം.
" കറുമ്പന്‍ മുങ്ങികപ്പലില്‍ മുങ്ങി... ആയതിനാല്‍ യുദ്ധം നിറുത്തില്ല. വീണ്ടും തുടരും .."


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *


രണ്ടു ഭാഗത്തും നിന്ന് ഈ യുദ്ധവും അയല്‍കാടുകളില്‍ ഇതിന്റെ പേരില്‍ നടക്കുന്ന പൊറാട്ടു നാടകങ്ങളും എല്ലാവര്ക്കും വേണ്ടി സ്പോണ്‍സര്‍ ചെയ്യുന്നത് ബല്യ ബല്യ ആള്‍ക്കാരാണെന്ന് അങ്ങാടി പാട്ട്....

ഈ ക്യാമറ ഇനി എങ്ങോട്ട് തിരിക്കണം എന്നറിയാതെ ഈ പാവം യുദ്ധകാര്യലേഖകനും...


.


Saturday, April 25, 2009

അക്ഷയ തൃതീയ...

സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറിയില്‍ നേരത്തെ ബുക്ക് ചെയ്തത് കൊണ്ടു രക്ഷപെട്ടു . പോയി ടോകന്‍ നമ്പര്‍ പറഞ്ഞപ്പോള്‍ തന്നെ സ്വര്‍ണ്ണ നാണയം കിട്ടി..

നാണയത്തിനു ആഭരണത്തെക്കാള്‍ പണിക്കൂലിയാണെങ്കിലും ഇന്നു അതൊക്കെ ഒരു പ്രശ്നമാക്കേണ്ട കാര്യമാണോ?....


ജ്വല്ലറിയില്‍ നിന്നും വെളിയിലേക്ക് വരെ നീളുന്ന ക്യു വിലൊന്നും നില്‍ക്കാതെ രാഹു കാലത്തിന്നു മുമ്പു സാധനം കിട്ടിയത് തന്നെ മഹാഭാഗ്യം....


പോവുന്ന വഴി ബാങ്കില്‍ നിന്നു അവളെയും പിക് ചെയ്യണം.. അവിടെയും ഭയങ്കര ക്യു ആണെന്നാണ്‌ വിളിച്ചപ്പോള്‍ പറഞ്ഞത്...


ഒറിജിനല്‍ സ്വിസ് മേഡ് ആയതിനാല്‍ പവന്ന് കാശ് അധികമാവുമെന്നു ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു...


എങ്കിലും സാരമില്ല അവര്‍ ലോണ്‍ തന്നില്ലായിരുന്നു വെന്കില്‍ തെണ്ടി പോയേനെ അക്ഷയ തൃതീയയായി ട്ടിന്നത്തെ സ്വര്‍ണം വാങ്ങല്‍ ...


Monday, April 20, 2009

വെറുപ്പും സ്നേഹവും....


എനിക്ക് ആരെയും അറിയില്ല ....അല്ല ...അല്ല....
ആര്‍ക്കുംആരെയും അറിയില്ല.. എല്ലാവരും ഒരു പോലെ.
ആണ് ആരാണെന്നോ പെണ്ണ് ആരാണെന്നോ മനസ്സിലാവുന്നില്ല..... ആരെയും തിരിച്ചറിയുന്നില്ല .....
ആരെയും കാണുന്നില്ല...

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി........ ഇല്ല..... ആരെയുമറിയില്ല .....

ഇന്ത്യന്‍,പാകിസ്ഥാനി,ബംഗാളി,കാബൂളി................... ഇല്ലേ..... ഇല്ല..... അറിയില്ല.....

പക്ഷെ , എനിക്കറിയാം... ഏവര്‍ക്കുമറിയാം.. ആരെ വെറുക്കണം എന്ന് .......... ആരെ കൊല്ലണം എന്നും .....

Sunday, April 12, 2009

ഗ്ലോബല്‍ വിഷു.

നാളെ വിഷു.. തമിഴന്റെ കയ്യില്‍ നിന്നും വാങ്ങിയ ഓട്ടുപാത്രങ്ങളും വിളക്കുകളുമെല്ലാംതുടച്ചു മിനുക്കി. രാജസ്ഥാനി നാടോടി കളുടെ അടുത്ത് നിന്നും ലാഭത്തില്‍ ഒരു പ്ലാസ്റ്റെര്‍ ഓഫ് പാരീസ് കൃഷ്ണനെയും കിട്ടി. കോയമ്പത്തൂര്‍ വണ്ടി വന്നാല്‍ കണി വെള്ളരിയും കൊന്നപ്പൂവും വാങ്ങണം. ബാന്‍ഗ്ലൂര്‍ ബസില്‍ മുല്ലപ്പൂവും എത്തും. ഗുജറാത്ത് എക്ഷിബിശനു പോയപ്പോള്‍ കണ്ണാടി വാങ്ങിയത് നന്നായി. തന്ചാവൂരില്‍ നിന്നും കൊണ്ടു വന്ന സെറ്റ് സാരിയുമായാല്‍ വിഷുക്കണി കേന്കേമം.

പൈപ്പില്‍ വെള്ളമില്ലെന്കിലും പേടിക്കാനില്ല. കോളകമ്പനിക്കാരിരക്കുന്ന മിനറല്‍ വാട്ടര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കിടക്കട്ടെ വിഷുവിനു ഒരു ഗ്ലോബല്‍ ടച്ച്.

Friday, April 10, 2009

റിസെഷ്യന്‍... ..

തുടര്‍ച്ച......

ആ പഞ്ചാബി കാര്പെന്റെര്‍ എന്താണാവോ ആ ഡ്രൈവറുമായി കഥ പറയുന്നത്.....കുറെ സമയം ആയല്ലോ തുടങ്ങിയിട്ട്....


അവന്‍ കഴിഞ്ഞ ആഴ്ച പോയ പെണ്ണിന്റെ കഥയാവും..

അവന്റെ ഇപ്പോള്‍ മൂന്നാമത്തെ വിസയാണ് ..... അതിന്നിടയില്‍ നാട്ടില്‍ പോയത് ആകെ ഒരുതവണ മാത്രമാണെന്ന് പറയുന്നത് കേട്ടു ..

അവനൊക്കെ അല്ലെങ്കില്‍ എന്തിനാ നാട്ടില്‍ പോവുന്നത് .. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് കുളിച്ചു സുന്ദരന്‍ ആയി പോവുന്നത് ദേരയിലേക്കും സത് വ യിലേക്കും ആണെന്നവന്‍റെ മുറിയിലുള്ളവര്‍ തന്നെയാണ് പറഞ്ഞു നടക്കുന്നത്.....

ഈ മരുഭു‌മിയില്‍ നിന്നും ഇവനൊക്കെ ഉണ്ടാക്കുന്നത്‌ മുഴുവന്‍ കള്ളും പെണ്ണുമായി തീര്‍ക്കുമെന്നാണ് തോന്നുന്നത്....

ആ ... അങ്ങിനെയും ചില ഭാഗ്യവാന്‍മാര്‍ !!!! ....

ഇത് ആരാണാവോ , ഇപ്പോള്‍ മിസ്‌ കാള്‍ അടിക്കുന്നത് ....

ഹൊ ... .... അവളോട്‌ പല തവണ പറഞ്ഞിട്ടുണ്ട്... വെറുതെ ആവശ്യമില്ലാതെ മിസ്‌ കാള്‍ അടിക്കരുതെന്ന്........

അല്ലെങ്കില്‍ അവളെ പറഞ്ഞിട്ടെന്താ കാര്യം... നാട്ടില്‍ വിളിച്ചിട്ട് രണ്ടാഴ്ചയായി...

ശമ്പളം കിട്ടി ഒരാഴ്ച കഴിയും മുമ്പ് കയ്യില്‍കാശില്ലാതാവും... ഹുണ്ടിഫോണ്‍ ആണ് പിന്നെയുള്ള ഒരേ ഒരാശ്വാസം ... ചാര്‍ജും കുറവാണ് ... അതും ശമ്പളംകിട്ടുമ്പോള്‍ കൊടുത്താല്‍ മതി....


പക്ഷെ , ഇപ്പോള്‍ അതുമില്ലാതായി ... കമ്പനി ആരെ എപ്പോള്‍ പറഞ്ഞു വിടും എന്നറിയാത്തതു കൊണ്ടു മുന്‍‌കൂര്‍ പൈസ കൊടുക്കാതെ ഹുണ്ടിക്കാരന്‍ ഒരു കോളും തരുന്നില്ല....

എന്ത് ചെയ്യാന്‍.... ഇതൊക്കെ പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവുകയുമില്ല....

ഛെ , വിളിക്കണ്ടായിരുന്നു .......

വെറുതെ, മൊബൈലില്‍ ഉണ്ടായിരുന്ന കാശും തീര്ന്നു.. ആകെ പ്രശ്നങ്ങള്‍ തന്നെ...

മോന്റെ സ്കൂള്‍ ഫീസ്, കരണ്ട് ബില്ല്, ഫോണ്‍ബില്‍, കല്യാണം , ഉത്സവം ..........

ഈശ്വരാ ഇനിയാരോട് കടം വാങ്ങും...

ആ നശിച്ച തലവേദന വീണ്ടും തുടങ്ങി.....

ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെന്കില്‍ ഊണും കഴിഞ്ഞു ഒന്നു മയങ്ങാമായിരുന്നു.....മെസ്സില്‍ നിന്നും ഭക്ഷണം എത്തിയോ ആവോ....

പന്ത്രണ്ടു മണിക്ക് ലഞ്ച് ബ്രേക്ക് ആണെന്കിലും വല്ല കോണ്‍ക്രീറ്റ് പണിയും ഉണ്ടെങ്കില്‍ അതുമുണ്ടാവില്ല...

ഭാഗ്യം. ഇന്നു കൊണ്ക്രിറ്റ്ടില്ല ....

ഒരു മണിക്കൂര്‍ എന്ന് പറയുന്നതു കണ്ണ് അടക്കുന്നതിനു മുമ്പ് അങ്ങ് കഴിയും..

ആരാണാവോ അവിടെ കോട്ടും ടൈയ്യുമോക്കെയായി കുറെ ആളുകള്‍...ഈ ചൂടിലും ഇവന്മാരെങ്ങനെ ഇതൊക്കെ സഹിക്കുന്നു... ഈ ഡാന്ക്രി* കോട്ടണ്‍ ആണെന്കിലും ഇതിന്നുള്ളില്‍ നിന്നും പുകചിലെടുക്കുന്നത് അനുഭവിച്ചു തന്നെ അറിയണം... അപ്പോഴാണ്‌ ഇവന്മാരുടെ കോട്ടും ടൈ യ്യും ....

എല്ലാം മലബാറികള്‍ ആണെന്ന് തോന്നുന്നു... വല്ല പ്രവാസി സന്കടനയുടെയും ആളുകളായിരിക്കും.... ആവശ്യത്തില്‍ അധികം കാശ് ഉണ്ടായി ക്കഴിഞ്ഞാല്‍ പിന്നെ സന്കട്ന എന്നും പറഞ്ഞു ഇറങ്ങിക്കോളും പേരുണ്ടാക്കാന്‍ ....

പാവപ്പെട്ട തൊഴിലാളികളുടെ വേദന വിറ്റ് പേരുണ്ടാക്കാന്‍.....സ്വന്തം കമ്പനിയിലുള്ള തൊഴിലാളികള്‍ക്ക്‌ മര്യാദയ്ക്ക് ശമ്പളം പോലും കൊടുക്കാതെ..... ഇറങ്ങിയിരിക്കുന്നു ...

കഴിഞ്ഞ മാസം ഒരു പ്രവാസി സന്കടനയുടെ പരിപാടിയുണ്ടായിരുന്നു... നാട്ടില്‍ നിന്നും മന്ത്രി മാരെയും എംപി മാരെയും ഒക്കെ കൊണ്ടു വന്നിട്ട്...

ഇത്രയും വലിയ ഒരു ചടങ്ങ് ഉത്ഘാടനം ചെയ്യാന്‍ എന്ന് പറഞ്ഞു റൂമിലുള്ള ശിവനെ കൊണ്ടു പോയപ്പോള്‍ ആദ്യം തോന്നിയത് അസൂയയായിരുന്നു അവനോട് ...

ഒരു കഫ്റ്റെരിയ* ജീവനക്കാരനും , ഒരു വീട്ടു വേലക്കാരിയും , ഒരു സ്കൂള്‍ കുട്ടിയും പിന്നെ അവനും നിലവിളക്ക് കൊളുത്തുമ്പോള്‍ ....ടൈയ്യും കെട്ടി സ്റ്റേജില്‍ ഇരുന്നവന്‍ മാരുടെ മുഖത്തുണ്ടായിരുന്ന ഒരു ഭാവം.....

മറക്കാന്‍ ശ്രമിക്കുന്ന അനുഭവങ്ങള്‍ പറയിപ്പിച്ചു.... കരയിപ്പിച്ചും ......

ച്ച് ഛെ ...അവര്‍ കൊടുത്ത നൂറു ദിര്‍ഹവും ബിരിയാണി പൊതിയും.... അവസാനം ഗാനമേളയും.... അതോടെ തീരുമോ എല്ലാ പ്രശ്നങ്ങളും....

എന്ത് ചെയ്യാം , നാട്ടില്‍ നിന്നും വന്നിട്ട ഇത്രയും കാലമായെന്കിലും ചിലതൊന്നും അങ്ങ് ദഹിക്കുന്നില്ല.....

ദെ ... വരുന്നുണ്ട് അടുത്ത പണി....

ആ സൈറ്റ് ഓഫീസിലെ വണ്ടി ഈ ഭാഗത്ത് കറങ്ങുന്നത് കണ്ടാലറിയാം, എന്തെങ്കിലും ഒരു പണിയുണ്ടാവും...

കണ്ടില്ലേ സൈറ്റ് ഓഫീസിലേക്ക് വിളിക്കുന്നെന്നു ....

ഓഫീസിന്റെ വല്ല മെയിന്റനന്‍സ് ആയിരിക്കും...അതിനാണ് അങ്ങോട്ട് വിളിക്കുക....

അധികവും ബാത്ത് റൂമില്‍ വെള്ളം വരുന്നില്ല , അല്ലെങ്കില്‍ പോവുന്നില്ല അങ്ങിനെ വല്ലതും ആയിരിക്കും...ആ ക്ലോസ്സെറ്റ് വൃത്തി കേടക്കിയിട്ടത് കാണുമ്പോള്‍ ഓക്കാനം വരും..വെള്ളം ഉണ്ടോ എന്ന് നോക്കിയിട്ട് പോയാല്‍ പോരെ ഇവന്മാര്‍ക്ക്....... സ്റ്റാഫ് ആണ് പോലും....

പക്ഷെ ഇന്നു വേറെ എന്തോ പണിയാണെന്ന് തോന്നുന്നു. ടൈം കീപരെ കാണാനാണ് ഡ്രൈവര്‍ പറഞ്ഞത്.

എവിടെ പോയി ആ കുരിശ്..

ആ സൈറ്റ് സെക്രട്ടറിയുടെ അടുത്തുണ്ടാവും . അവിടെ ഇരുന്നു മറ്റുള്ളവര്‍ക്ക് പണി കൊടുത്തത് വലിയ കാര്യം ആയി പറയുന്നുണ്ടാവും. പ്രൊജക്റ്റ്‌ മാനേജര്‍ ഓഫീസില്‍ ഇല്ലെങ്കില്‍ അതാണല്ലോ പണി...

ആ.. വരുന്നുണ്ട് , കയ്യിലൊരു പേപ്പറുമായി....എന്താണാവോ പണി...


ഈ പേപ്പറുമായി രാവിലെ ഹെഡ് ഓഫീസില്‍ പോവാണോ... എന്തിനാണാവോ.. എന്താ... എന്താ ....ക്ലിയറന്‍സ് പേപ്പര്‍ ഇപ്പോള്‍ തന്നെ വാങ്ങി പോവാനോ .... ബത്താക്ക* കൊടുത്താല്‍ സെട്ട്ല്മെന്റ്റ് പൈസ നാളെ തന്നെ കിട്ടുമെന്നോ....

എന്റെ കണ്ണ് നിറയുന്നുണ്ടോ...ശ്വാസം തൊണ്ടയില്‍ കുടുങ്ങുന്നത് പോലെ....

എന്താണ് പറഞ്ഞതു നാളെ ........????

--------------

For easy reading…..
* ഡാന്ക്രി = Coverall കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഉപയോഗിക്കുന്ന വസ്ത്രം ...
*കഫ്റ്റെരിയ = ചെറിയ ചായക്കട
*ബത്താക്ക = Labour card

Thursday, April 2, 2009

റിസെഷ്യന്‍...

ഈശ്വരാ .. ഇന്നും ലേറ്റ് ആയി. അഞ്ചു മിനിട്ട് എന്ന് പറഞാല്‍ അഞ്ചു മണിക്കൂറുപോലെയാണ് ഇവിടെ.ഒടുക്കം പിടിക്കാന്‍ ഈ തല്ലിപ്പൊളി അലാറം ആവശ്യമുള്ളപ്പോള്‍ വര്‍ക്കും ചെയ്യില്ല. ഇല്ലാത്ത കാശും കൊടുത്തു പുതിയ മൊബൈല് ഒന്നു വാങ്ങിയതാ, പറഞ്തിട്ടെണ്ട് കാര്യം ... അലാറം പോലും ആവശ്യത്തിനു വര്‍ക്കു ചെയ്യില്ലെന്ന് പറഞാല്‍...

ബാത്ത് റൂമിന്നു മുമ്പില്‍ ഇപ്പോള്‍ തന്നെ ക്യു തുടങ്ങിയിട്ടുണ്ടാവും....

ഇന്നലത്തെ കാലാവസ്ഥ കൊണ്ടാണെന്ന് തോന്നുന്നു തല പിളരുന്നത് പോലെയുണ്ട് വേദന.പൊടിക്കാറ്റും ചൂടും....

അല്ലെങ്കില്‍ കാലാവസ്ഥയെ എന്തിന്നു പറയുന്നു . ജോലി കഴിഞ്ഞുവന്നതിനു ശേഷം കഴിച്ചത് അതിവിശേഷമായിരുന്നല്ലോ.. എം സീ എന്നോ എന്‍ സീ എന്നോ ഒക്കെ പറയും. എന്ത് പറഞാലും സാധനം നല്ല ഒന്നാം നമ്പര്‍ സ്പിരിറ്റ് തന്നെയാണ്.

ആ ഫോര്‍മാന്‍ പറഞ്ഞതു മോര്‍ച്ചറി സ്പിരിറ്റില്‍ കളറുംരുചിയും ചേര്‍ക്കുന്നത് ആണെന്നാണ്‌. ആര്‍ക്കറിയാം .... ഏതായാലും രണ്ടോ മൂന്നോ പെഗ്ഗിന്റെ ആവശ്യമേ ഉള്ളൂ ..... പുലരുന്നത്‌ പോലും അറിയില്ല....

എന്തായാലും ഈശ്വരാ....സമയം ...

ബസ്സും കിട്ടില്ല .. അഥവാ കിട്ടിയാലും മറ്റവന്മാരുടെ കറുത്ത മുഖം രാവിലെ തന്നെ കാണേണ്ടി വരും. ബസ്സ് ഡ്രൈവര്‍ ആ ചേട്ടന്‍ ആണെന്ന്കില്‍ വിമാനത്തിന്റെ പൈലറ്റ് ആണെന്ന ഭാവത്ത്തിലായിരിക്കും. ഒരു സെക്കന്റ്താമസിച്ചാല്‍ പിഴച്ചു പോകാന്‍ വന്ന ഒരു മലയാളിയാണെന്ന ഒരു ചിന്ത പോലുമില്ലാതെ വണ്ടിയെടുക്കും. ..

തമ്മില്‍ ഭേദം ആ പച്ച ഖാന്‍ ആണ്.. രാവിലെ വെറും വയറ്റില്‍ " മാകി ........" എന്ന് തെറി കേള്‍ക്കേണ്ടി വരുമെന്കിലും ഒരു ദിവസത്തെ ഹാജര്‍ പോകില്ല . എല്ലാവന്റെയും അമ്മയ്ക്ക് വിളിക്കുമെന്കിലും മുഴുവന്‍ആളുകളും വരുന്നതു വരെ കാത്തിരിക്കും .

മലബാരി മലബാരിയെ സഹായിക്കും എന്നാണ് അവരുടെ പറച്ചില്‍. പക്ഷെ മലയാളി മലയാളിയെ........ ഞാനൊന്നും പറയുന്നില്ല ..

ഹൊ . പണ്ടു എന്തൊരു കൊതിയായിരുന്നു ഒരു മലയാളിയെ കാണാനും പരിചയപ്പെടാനും....

മേലെ ഉള്ളവനെ തേക്കാനും കൂടെ ഉള്ളവനെ പാര വെക്കാനും അല്ലാതെ വേറെ എന്ത് സഹായം ആണ് ഇവന്‍മാരെ കൊണ്ടു കിട്ടുക...

ഏതായാലും ഇന്നു ഭാഗ്യം ഉണ്ടെന്നു തോന്നുന്നു . ബാത്ത് റൂം കാലിയാണ്. പത്തു പതിനഞ്ചു ബാത്ത് റൂം ഉണ്ടെന്‍കിലും ഇങ്ങനെ കാലിയായി കിട്ടുന്നത് ആദ്യമാണ്.

എന്താ ഇവന്മാരൊന്നും ഇന്നു ജോലിക്ക് പോവുന്നില്ലേ? സാമ്പത്തിക പ്രതിസന്ധി യാണെന്നും പറഞു കൊണ്ടു കമ്പനി ഒരുപാടു പേരെ പറഞുവിടുന്നെന്നു കേട്ടിരുന്നു. ഏകദേശം പകുതിയോളം ഇപ്പോള്‍ തന്നെ പോവുമെന്നാണ് കേട്ടത്. ഇനി ഈ ബ്ലോക്കില്‍ താമസിക്കുന്ന വരെയാണോ ആദ്യ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

ഏതായാലും പെട്ടെന്ന് കുളിച്ച്ചിറങ്ങാന്‍ കഴിഞ്ഞു . മെസ്സില്‍ പോയി "നാസ്തയും*" വാങ്ങിയാല്‍ എന്തായാലും ബസ്സ് കിട്ടുമെന്ന് ഉറപ്പാണ്. നാസ്ത എന്ന് പറഞാല്‍ റബര്‍ ഷീറ്റ് പോലെയുള്ള രണ്ടു പൊറോട്ടയും മുകളില്‍ തേച്ചു പിടിപ്പിച്ച ഒരു "സബ്ജി **"യുമായിരിക്കും .

സ്റ്റാഫ് മെസ്സിലുള്ളവര്‍ക്ക് കൊടുക്കുന്നതുപോലെ , അല്ലെങ്കില്‍ എന്നും വേണ്ട, വല്ലപ്പോഴും ഒരു ഇധലിയോ, ദോശയോ തന്നാലെന്താ ഇവന്മാര്‍ക്ക്. എന്ത് ചെയ്യാന്‍ വിധി .....

ബസില്‍ സീറ്റും ഇഷ്ടം പോലെയുണ്ടല്ലോ.ആദ്യം കയറിയവന്‍മാര്‍ മുഴുവന്‍ നല്ല ഉറക്കമാണ്. ഒന്നൊന്നര മണിക്കൂര്‍ സുഖമായി ഉറങ്ങാമല്ലോ?. അല്ലെങ്കില്‍ മു‌ന്നര നാലു മണി സമയത്തു , നമ്മുടെ സെക്യൂരിറ്റി ഉസ്മാന്‍ പറഞ്ഞതു പോലെ കുരുവി പോലും കണ്ണ് തുറക്കാത്ത ഈ പുലര്‍ച്ചയ്ക്ക് ഉറങ്ങുകയല്ലാതെ വേറെ എന്ത് ചെയ്യും?

നാട്ടിലാണ് എങ്കില്‍ സ്ഥിരമായി ഈ സമയത്തു ജോലി ചെയ്യുന്നവര്‍ വല്ല കള്ളന്മാരും ആയിരിക്കും....

സൈറ്റില്‍ എത്തിയത് അറിഞ്ഞില്ല .... നല്ല ഒരു ഉറക്കം ആയിരുന്നു. അത് കൊണ്ടു ആ തല വേദന മാറിക്കിട്ടി.
ഇനി എന്തൊക്കെ സഹിക്കണം ഈ ദിവസം തീര്ന്നു കിട്ടാന്‍....

ആരെയൊക്കെ സഹിക്കണം എന്ന് ചോദിക്കുന്നതാണ് ശരി...

എന്ജിനീയരെക്കാള്‍ പോസ് കാണിക്കുന്ന ആ തെലുന്ക്ന്‍ ഗാങ്ങരു*** മുതല്‍ താനാണ് ഇവിടെ എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്നത് എന്ന രീതിയില്‍ ഇരിക്കുന്ന ടൈം കീപരെ വരെ സഹിക്കനമല്ലോ ഇന്നും.

ടൈം കീപരുടെ ചില സമയത്തെ കളി കണ്ടാല്‍ ആ മഹാന്‍ ഇല്ലെങ്കില്‍ ഈ കമ്പനി തന്നെ പൂട്ടി പോകുമെന്ന് തോന്നും. ഞങ്ങളെ പോലുള്ള സാധാരണ ലാബര്‍മാറും ഡ്രൈവര്‍മാറും ആ സാറിന്റെ, (സാര്‍ എന്നല്ല ... വേറെ പലതുമാണ് വായില്‍ വരുന്നത് ) റൂമില്‍ കയറരുത് എന്നാണു പ്രഥാന കല്പന. ചീഞ്ഞ മണം വരുമത്രേ. അതിന്നു വേണ്ടി ജന്നലിന്റെ അടുത്ത് ഒരു സ്റ്റെപ്പ് പണിതു വച്ചിട്ടുണ്ട്. അവിടെ നിന്നു വേണം ആ മഹാനെ മുഖം കാണിക്കേണ്ടത്. ചിലപ്പോള്‍ പത്തു മിനിട്ട് ആ ജന്നലിന്റെ അടുത്ത് നിന്നാലും സാര്‍ (!!!????) ഒന്നു മുഖമുയര്തുകയോ ഒന്നു മൈന്‍ഡ് ചെയ്യുകയോ ഇല്ല.

പിന്നെ പ്രൊജക്റ്റ്‌ മാനേജര്‍മാരായ അറബികളുടെയും ഇംഗ്ലീഷ്കാരുടെയും അടുത്ത് തലയും താഴ്ത്തി നിന്നു തെറി വിളി കേള്‍ക്കലാണ് ഇവന്മാരുടെ പ്രധാന പണി എന്നത് ആര്ക്കും അറിയില്ല എന്നാണു വിജാരം.

ഇന്നെന്തു പറ്റി എല്ലാവരുടെയും മുഖത്ത് ഒരു ഭയമോ സന്കടമോ എന്തോ ? . തമ്മില്‍ തമ്മില്‍ സംസാരിക്കുന്നത് പോലും വളരെ പതിയെ അവിടെവിടെ കൂടി നിന്നാണല്ലോ.

ഇന്നലെ കേമ്പില്‍ ആത്മഹത്യ ചെയ്ത ട്രക്ക് ഡ്രൈവറെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നലെ വരെ പുള്ളിയെ തെറി പറഞ്ഞു നടന്ന ആ അസിസ്ടന്റ്റ് ഫോര്‍മാന്‍ ഇന്നിപ്പോള്‍ കരയുമെന്ന രീതിയിലാണ് സംസാരിക്കുന്നത്.

ജോലി പോയ ആ പാവം തൂങ്ങി മരിച്ചെന്നു കേട്ടിട്ടും എനിക്കൊരു വിഷമവും തോന്നുന്നില്ലല്ലോ ? മനുഷ്യത്വം എന്നത് എല്ലാവരും പറയുന്നതു പോലെ കളഞ്ഞു പോയോ എന്നാണ് സംശയം ....

ദേ ആ ഗാങ്ങര്‍ വരുന്നുണ്ട് .. കയ്യിലുള്ള ചെറിയ ടപ്പിയുടെ ഒരു ഭാഗത്ത് നിന്നും ചുണ്ണാമ്പും മറ്റേ വശത്ത് നിന്നും പുകയിലയും കയ്യിലെടുത്തുതിരുമ്മി കൊണ്ടാണ് വരവ്.. ആ തമ്പാക്കിന്റെ നാറ്റം സഹിക്കാന്‍ പറ്റില്ല. .... ചുണ്ടിനിടയില്‍ തിരുകിയ തമ്പാക്കിന്റെയും വിലകുറഞ്ഞ സിഗരറ്റിന്റെയും വിയര്‍പ്പിന്റെയുമൊക്കെ കൂടിയ നാറ്റം.... ഹൊ സഹിക്കാന്‍ വയ്യ...

ഇന്നെന്തൊക്കെയാണ്‌ ആവോ പണിയുള്ളത്‌ . ഇന്നലത്തെ വര്‍ക്കു ഒന്നും ബാക്കിയില്ല എന്നാണ് തോന്നുന്നത് ... വല്ലതും ബാക്കി യാണെങ്കില്‍ ഇപ്പോള്‍ വിളിക്കും " ഭേന്‍.....". രാവിലെ തന്നെ തുടങ്ങും തെറി വിളി...

നാട്ടില്‍ വല്ലതും ആയിരുന്നെന്കില്‍ കാണിച്ചു കൊടുക്കാമായിരുന്നു. ... ഇവിടെ .........

ഒമ്പത് മണിയാവുമ്പോഴേക്കും " നാസ്ത " ഒറിജിനല്‍ റബ്ബര്‍ ഷീറ്റ് പോലെ ആയിട്ടുണ്ട്‌...

കടിച്ചു വലിച്ചിട്ടും മുറിയുന്നില്ലല്ലോ വായൊക്കെ വേദനിക്കുന്നു....

റോഡ് സൈഡില്‍ തന്നെ ഇരുന്നു വല്ലവിധേനയും ഇതങ്ങു വിഴുങ്ങിയാല്‍ ഉച്ച വരെ സമാധാനം .....

കഴിച്ച ഭക്ഷണം മുഴുവനും ഇറക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ് അടുത്ത കുരിശു വരുന്നുണ്ട്. സേഫ്ടി ഓഫീസര്‍ എന്നും പറഞ്ഞു .

ആരൊക്കെയോ കളഞ്ഞ ഈ ഭക്ഷണം പൊതിഞ്ഞ പേപര്‍ എടുത്തു മാറ്റേണ്ടത് എന്റെ പണിയാണ് പോലും.

നായയുടെ ജന്മമല്ലേ കുരച്ച്ചല്ലേ പറ്റൂ..

.........ബാക്കി പിന്നീടെഴുതാം....
For easy understanding:
* നാസ്ത = ബ്രേക്ക് ഫാസ്റ്റ്
** സബ്ജി = പച്ചക്കറി
*** ഗാന്ഗര്‍ = കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഗാന്ഗ് ലീഡര്‍.