Monday, May 31, 2010

ഈ കഴുകന്മാര്‍ പറക്കുന്നത് ആര്‍ക്കു വേണ്ടി??

.
നാം മലയാളികള്‍ എന്നും ഇങ്ങിനെയാണ്‌.എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ വാദമായി പ്രതിവാദമായി, ചര്‍ച്ചകളായി ചോദ്യങ്ങളായി ഉത്തരങ്ങളായി. ഏത് പ്രശ്നമായാലും എങ്ങിനെയുള്ള പ്രശ്നങ്ങളായാലും ചര്‍ച്ചകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അതിനുള്ള ഉത്തരങ്ങള്‍ക്കോഒരൊറ്റ മലയാളി പോലും പിറകോട്ടാവില്ല എന്നതും സത്യം.

പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.

മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.

കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.

അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.

പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.

ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.

പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .

വാല്‍ക്കഷണം.
വിമാനം നാലപതിലധികം മണിക്കൂറുകള്‍ വൈകിയതിനെകുറിച്ച്
സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര്‍ മുഴുവന്‍ മാപ്പ് പറയണം........"

ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്‍റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.

Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

Tuesday, May 11, 2010

യൂണിഫോം ധരിച്ച സമരക്കാരും... അതി തീവ്ര ജൈവായുധങ്ങളും ...

.
കേരളത്തിനു മാറ്റമില്ല മാറ്റമില്ല എന്നാരാ പറഞ്ഞത്?? കാല്ങ്ങല്‍ക്കനുസരിച്ച മാറ്റങ്ങള്‍.. ഹേ അങ്ങിനെയല്ല...അങ്ങിനെയല്ല... കാലങ്ങല്‍ക്കധീതമായ മാറ്റങ്ങള്‍ തന്നെയാ കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?? വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ യുണിഫോം ധരിക്കണം എന്നത് അലന്ഘനീയമായ ഒരു നിയമമാണ്. മേലെയുള്ളവര്‍ കോട്ടും സൂട്ടും ഒക്കെയാണ് ധരിക്കുന്നതെങ്കില്‍ സാദാ ഡ്രൈവര്‍മാരും അതിലും താഴെ യുള്ള ക്ലീനെര്മാരും അടക്കം ഏവരും യുണിഫോം അണിഞ്ഞു കൊണ്ടേ പണി ചെയ്യുകയുള്ളൂ അവിടങ്ങളില്‍. ഇവിടെ കേരളത്തില്‍ ഹര്‍ത്താലും സമരവുമൊക്കെ പ്രധാന തൊഴിലുകള്‍ ആയതിനാല്‍ എങ്ങിനെയാണ് ഇവിടെ ഈ യൂണിഫോം സിസ്റ്റം വരിക എന്നത് പലതവണ ചിന്തിച്ചതായിരുന്നു.

പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ
സമരക്കാരൊക്കെ യൂണിഫോമില് ആണെന്ന് തോന്നുന്നു ഇപ്പോള്‍ സമരത്തിനു പോവുന്നത്.അതും നല്ല കാക്കി യൂണിഫോമില്‍. കാക്കി പാന്റ്സും ഷര്‍ട്ടും, തൊപ്പിയും ബൂട്ടും പിന്നെ അത്യാവശ്യം വേണ്ട ലാത്തിയും ഗാര്‍ഡും ഒക്കെയായാണ് ഇപ്പോള്‍ നമ്മുടെ സമരക്കാര്‍ പോവുന്നത്.അല്ലാതെ പിന്നെ.... കോഴിക്കോട്ടെ കിനാലൂരില്‍ കഴിഞ്ഞാഴ്ച സമരം നടത്തിയവരെ കണ്ടില്ലേ ?. അന്ന് ടി വിയില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ അത് സമരക്കാരെ ഓടിക്കുന്ന പോലിസ് ആണെന്നാണ്.പിന്നെ നമ്മുടെ സ്വന്തം വ്യവസായ വകുപ്പ് ഭരിക്കുന്ന ആ ഇളം മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് അത് മുഴുവന്‍ സമരക്കാര്‍ ആണെന്ന് മനസ്സിലായത്‌.ഇന്നലെ കിനാലൂര്‍ സംഭവത്തെ ആനുകൂലിച്ചു കൊണ്ട് കുറിച്ച് നടന്ന പൊതുയോഗത്തില്‍ നമ്മുടെ മന്ത്രി പല കാര്യങ്ങളും പറഞ്ഞു.

ആ സംഭവങ്ങള്‍ മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക്‌ എല്ലാം മനസ്സിലായതും. അതിന്നു തെളിവെന്ന പോലെ ഒരു വയോ വൃദ്ധനെയും ഹാജരാക്കിയിരുന്നു മന്ത്രിയും ടീമും. കൈതച്ചാലില്‍ അബ്ദുല്‍രഹിമാന്‍ എന്ന് പേരുള്ള ആ പാവം പറഞ്ഞത് റേഷന്‍ പീടികയില്‍ പോയ തന്നെ സമരക്കാര്‍ എറിഞ്ഞു തല പൊളിച്ചു ഞാന്‍ തല കറങ്ങി വീണു എന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്കൊരു സംശയം എനിക്ക് അമ്നീഷിയ പിടിച്ചോ . കാരണം തലേ ദിവസം പോലീസുകാര്‍ നല്ല ഭാഷയില്‍ പലതും പുകഴ്ത്തി പറഞ്ഞു കൊണ്ട് സ്നേഹത്തോടെ ലാത്തി കൊണ്ട് തലോടുന്നതും ഓടുന്നതിനിടയില്‍ വീഴുന്നതും "എന്നെ തച്ച്.. എന്നെ തച്ച്" എന്ന് പറഞ്ഞു സന്തോഷിക്കുന്നതുമൊക്കെ കണ്ടത് പോലെ ഒരു ഓര്‍മ്മ. പിന്നെ ആ മനുഷ്യനും ബഹുമാന മന്ത്രിയുമൊക്കെ സത്യം പറഞ്ഞു തരുമ്പോള്‍ നമ്മള്‍ വിശ്വസിക്കണ്ടേ.

പിന്നെ ലോകത്തെ ഉഗ്ര തീവ്രവാദികളുടെ കയ്യില്‍ പോലും കിട്ടാത്ത തീവ്ര ജൈവ ആയുധമായ പശു ചാണകം നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തും ശത്രു രാജ്യങ്ങളില്‍ നിന്നും സംഘടിപ്പിച്ച വടികളും കല്ലുകളും ഒക്കെയായി നേരത്തെ തന്നെ സങ്കടിച്ച ഈ സമരക്കാര്‍ യുനിഫോരം ഉപയോഗിചില്ലെന്കിലല്ലേ കുഴപ്പമുള്ളൂ. അണുവായുധം പോലും വേണമെങ്കില്‍ കിട്ടും പക്ഷെ ഈ ചാണകം അത് സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കരന്മാരെ........ നിങ്ങള്‍ ശരിയായ തീവ്രവാദികള്‍ തന്നെയാ.. കഴിഞ്ഞ തവണ ഇലക്ഷനില്‍ വോട്ടു ചെയ്തെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇന്നുവരെ നമ്മടെ സഖാക്കള്‍ക്ക് പോലും കിട്ടാതിരുന്ന ഇത്തരം ആയുധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്ന ഇവരൊന്നും അല്ലെങ്കില്‍ പിന്നെ ആരാ തീവ്രവാദികള്‍.???
.

Saturday, May 8, 2010

ഇബിലീസിന്റെ പിലാവ്... (കഥ)

.

കല്ലായി കുന്നിനു മുകളിലാണ് ഷെയ്ഖ്‌ അലവി തങ്ങളുടെ മഖ്ബറ. ചുറ്റോടുചുറ്റും കുന്നു മുഴുവന്‍ പുണ്യ പുരാതനമായ ഖബര്‍സ്ഥാനും . കാട് പിടിച്ചു കിടക്കുന്ന ഖബര്‍സ്ഥാന്റെ നടുവില്‍ കൂടിയാണ് മഖ്ബരയിലെക്കുള്ള പടികള്‍. പത്തു മുപ്പത് പടികള്‍ കയറിയാല്‍ മഖ്ബരയില്‍ കയറാം. അവിടെ പച്ച കൊടിയും പുതച്ചു കിടക്കുന്ന മഖ്ബരയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ പച്ച പുതച്ചു കിടക്കുന്ന മാങ്ങാട്ട് വയലാണ്. മാങ്ങാട്ട് വയലിന്റെ അങ്ങേക്കരയില്‍ മാങ്ങാട്ട് അമ്പലവും..

അമ്പലത്തിന്റെയും പള്ളിയുടെയും അതിരെന്ന പോലെയാണ് ഈ വയല്‍ കിടക്കുന്നത്.. പത്തു മുപ്പതേക്കര്‍ വരും വയല്‍. അതില്‍ പത്തു പതിനഞ്ചു ഏക്കര്‍ മൊയ്തു ഹാജിയുടെയും ബാക്കി മങ്ങാട് കാവിലെ അച്യുതന്‍ നമ്പിയാരുടെയും..ഇതിന്റെ ഒത്ത നടുവിലാണ് പ്ലാവ് നില്‍ക്കുന്നത്...

മൊയ്തു ഹാജിയുടെതാണോ നമ്പിയാരുടെതാണോ എന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്തത് പോലെയാണ് പ്ലാവിന്റെ നില്‍പ്പ്. ആരും ഇന്ന് വരെ അതിന്റെ മേലെ അവകാശം ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ മേലെ വിളഞ്ഞ ചക്കയുടെ രുചി പോലും ഇന്ന് വരെ മനുഷ്യനായി പിറന്ന ആരുമരിഞ്ഞിരുന്നില്ല....

കാരണം.... കല്ലായങ്ങാടിയിലെ മാപ്പിളമാര്‍ക്ക് അത് ഇബിലീസ് കേറിയ പിലാവാണെങ്കില്‍ മാങ്ങാട്ടെ തീയ്യന്മാര്‍ക്ക്‌ ചാത്തന്‍ കൂടിയ പ്ലാവാണ് അത്. ഞാന് ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെട്ട് പോയതിനാല് എനിക്കും അത് ഇബിലീസ് കൂടിയ പിലാവ് തന്നെ....

‍ പറഞ്ഞ് വന്നാല്‍ എല്ലാവരും ഭയത്തോടു കൂടിയല്ലാതെ അതിനെ കാണാറില്ല എന്നര്‍ത്ഥം..
ചെറുപ്പം മുതല്‍ ഞങ്ങളും അതിനെ പേടിയോടു കൂടിയേ കണ്ടിട്ടുള്ളൂ.. പല കഥകളും അതെക്കുറിച്ച് കേട്ടിന്ട്ടുമുണ്ടായിരുന്നു.. ഈ പ്ലാവിനെ കുറിച്ചും പ്ലാവിലെ ബാധയെ കുറിച്ചും ഒരുപാടൊരു കഥകള്‍. കുട്ടിക്കാലത്തെ കേട്ട് പേടിച്ച ഈ കഥകളില്‍ കൂടി ആ പ്ലാവും പിലാവിലെ ഇബലീസും ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നു ഞങ്ങള്‍ക്ക്.

പേടിപ്പിക്കാന്‍ കഥകള്‍ മാത്രമല്ല അനുഭവങ്ങളുമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ പ്രധാന സംഭവമായിരുന്നു എന്‍റെ കൂടെ പഠിച്ച ദാസനെയും അബ്ദുവിനെയും ഇബിലീസ് പിടിച്ചത്. ഞങ്ങളുടെ കണ്മുന്നില്‍ ആണ് ദാസനെയും അബ്ദുവിനെയും ഇബിലീസ് കേറിയ പിലാവില്‍ നിന്നും രക്ഷപ്പെടുത്തിയതും..


............

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.. ഉച്ചയായപ്പോള്‍ അബ്ദുവിന്റെ ഉമ്മാന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലേക്ക് പോവുകയായിരുന്ന ഞങ്ങളെല്ലാം അവന്റെ കുടീലെത്തിയതും.. കല്ലായങ്ങാടീലെ കച്ചോടക്കാരന്‍ മമ്മട്ക്കയാണ് കാര്യം പറഞ്ഞത്. രാവിലെ അങ്ങാടീലേക്ക് മീന്‍ വാങ്ങാന്‍ പോയ അബ്ദു ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇത് വരെ അങ്ങാടിയിലും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞതും....

രാവിലെ മാങ്ങാട്ട് വയലിലേക്കു പോവുന്നത് ആരോ കണ്ടെന്നു പറയുന്നതും കേട്ടു.. കൂടെ ദാസനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോളാണ് ദാസന്റെ അമ്മയുടെ നിലവിളി തുടങ്ങിയത്.. രാവിലെ വീട്ടില്‍ നിന്നും പെങ്ങളുമായി അടിയും കൂടി പോയതായിരുന്നു.. ഇത് അവന്റെ സ്ഥിരം പരിപാടിയായതിനാല്‍ ഇത്രയും നേരം അങ്ങിനെ ശ്രദ്ധിച്ചിരുന്നില്ല... പക്ഷെ രണ്ടു പേരും കൂടി മാങ്ങാട്ട് വയലിലേക്കു പോവുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ ഒരു പേടി..

വയലിന്റെ രണ്ടു വശങ്ങളില്‍ നേരത്തെ പറഞ്ഞത് പോലെ മാങ്ങാട്ടമ്പലവും ശേകിന്റെ കല്ലായി കുന്നുമാണെങ്കില്‍ മറ്റു രണ്ടു വശങ്ങള്‍ അതിനേക്കാള്‍ ഭീകരമാണ്.. ഒരു ഭാഗം റെയില്‍ പാളവും മറു വശം പാമ്പിന്‍ കോട്ടയും..

നട്ടുച്ചയ്ക്ക് പോലും വെയില്‍ അടിക്കാത്ത പാമ്പിന്‍ കോട്ടയില്‍ ഏത് സമയവും വിഷം മൂത്ത് നില്‍ക്കുന്ന പാമ്പുകളുടെ വിഹാരമാണ്... മറു ഭാഗത്തെ റെയില്‍ പാലത്തില്‍ ഏത് നേരത്താണ് തീവണ്ടി വരികയെന്നുമറിയില്ല,,
ഒത്ത നടുവില്‍ ഇബിലീസിന്റെ പിലാവും...

പകല്‍ സമയങ്ങളില്‍ പോലും ഒറ്റയ്ക്ക് ആളുകള്‍ പോകാന്‍ മടിക്കുന്ന സ്ഥലം.. അങ്ങോട്ടാണ് രണ്ടു കുട്ടികള്‍ പോയിരിക്കുന്നത്... അതും വെള്ളിയാഴ്ച... എല്ലെങ്കിലും കിട്ടിയാല്‍ മഹാഭാഗ്യം..

പള്ളിയില്‍ പോകാന്‍ പോലും മറന്നു എല്ലാവരും അബ്ദുവിന്റെ കുടീന്റെ മുറ്റത്ത് തന്നെ നില്‍ക്കുകയാണ്..

അപ്പോഴാണ്‌ നാടിലെ ധൈര്യശാലിയെന്നു പേരെടുത്ത കാദര്‍ക്കാന്റെ ഒച്ച ഉയര്‍ന്നത്..." ഇങ്ങള് ബെര്‍തെ ഇബിട കൂടീറ്റെന്താ കാര്യം.. ഞമ്മക്ക് ഒന്ന് അന്വേഷിച്ചു നോക്കിക്കൂടെ...ധൈര്യമുള്ളോല് എന്റൊക്ക ബന്നോ.... ഞാനെന്തായാലും ഒന്ന് ബയല് ബരെ ചെന്നോക്കട്ടെ.."

ധൈര്യം ചോദ്യം ചെയ്യപ്പെടുമെന്നായപ്പോള്‍ നാട്ടിലെ ചില ചെറുപ്പക്കാരും കാദര്‍ക്കാന്റെ കൂടെ കൂടി..അങ്ങിനെ മാങ്ങാട്ട് അമ്പലം മുതല്‍ പാമ്പിന്‍ കോട്ട വരെയും അവിടുന്ന് കല്ലായി കുന്നിലെ ഖബരിസ്ഥാനിലും പിന്നീട് കണ്ണെത്താദൂരത്തോളം റെയില്‍ പാളത്തിലും അന്വേഷണ സംഘം കറങ്ങി.. നിരാശരായി മടങ്ങുംപോളാണ് ആരുടെയോ കണ്ണ് ഇബിലീസുള്ള പിലാവിന്റെ കൊമ്പില്‍ എത്തിയത്.. അതിന്റെ ഏറ്റവും മുകളില്‍ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ ആരോ ഉള്ളത് പോലെ... എല്ലാവരും കാദര്‍ക്കാന്റെ നേതൃത്വത്തില്‍ പിലാവിന്റെ ചുവട്ടിലെത്തി...

താഴെ എത്തിയപ്പോള്‍ മുകളില്‍ നിന്നും ചില ഞരക്കവും മൂളിച്ചയും, കേള്‍ക്കാനും തുടങ്ങി... അതോടെയാണ് ധൈര്യശാലികളില്‍ പലരും പള്ളിയില്‍ പോവേണ്ട കാര്യം ഓര്‍ത്തതും മുങ്ങിയതും.. ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എവിടുന്നോ ഒപ്പിച്ചു കൊണ്ടുവന്ന ഏണിയില്‍ കാദര്‍ക്ക കയറി നോക്കിയപ്പോള്‍ അതാ ഏറ്റവും മേലെ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ രണ്ടു കുട്ടികളും മയങ്ങി കിടക്കുന്നു...

എങ്ങിനെയൊക്കെയോ രണ്ടു പേരെയും രക്ഷപ്പെടുത്തി താഴെ കൊണ്ട് വരുമ്പോളും രണ്ടാള്‍ക്കും ബോധമുണ്ടായിരുന്നില്ല.. കല്ലായി പള്ളിയിലെ ഷെയ്ഖിന്റെ ഖുദുരത്തും മാങ്ങാട്ടമ്പലത്തിലെ പോര്‍ക്കലി ദേവിയുടെ കാവലും കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി.. അതും മുപ്പെട്ടു വെള്ളിയാഴ്ച നട്ടുച്ചയ്ക്ക്.. പോക്ക് വരവുള്ള മാങ്ങാട്ട് വയലില്‍.. ഇബിലീസിന്റെ പിലാവിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ തന്നെ ഒരു പേടി...

അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ദാസനും അബ്ദുവും പിന്നീട് സ്കൂളിലെയും നാട്ടിലെയും പ്രധാന ആകര്‍ഷണങ്ങളായിരുന്നു. രാവിലെ മാങ്ങാട്ട് വയലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അവരെ കൂളിചൂട്ടു വഴിതെറ്റിച്ചതും പിലാവിന്റെ മുകളില്‍ കേറ്റിയതും.. പിലാവിന്റെ മുകളില്‍ അവര്‍ കണ്ട വലിയ കൊട്ടാരവും ഒക്കെ കുറെ കാലം നാട്ടുകാരുടെ സംസാര വിഷയമായിരുന്നു... അതോടൊപ്പം മണ്മറഞ്ഞു കിടക്കുന്ന ശേയികിന്റെ കരാമത്തും പോര്‍ക്കലി ദേവിയുടെ കഴിവുകളും നാട്ടിലെ പ്രധാന കഥകളായി... ഇതോടൊപ്പം ഓരോരുത്തര്‍ക്കും തോന്നിയത് പോലെ കഥകളില്‍ പുതിയ പുതിയ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വരികയും ചെയ്തു.. പോര്‍ക്കലി ദേവി സിംഹപ്പുറത്തും ശേഖുപ്പാപ്പ കുതിരപ്പുറത്തും വരികയും ഇബിലീസുമായി യുദ്ധം ചെയ്തതുമൊക്കെ ഇതിന്റെ ഒപ്പം ചേര്‍ക്കപ്പെടുകയും ചെയ്തു..

...........

കാലം കടന്നു പോയി... ഈയടുത്ത കാലത്ത് ദുബായില്‍ ദേരയില്‍ കൂടി നടക്കുമ്പോളാണ് അബ്ദുവിനെ കണ്ടത്.. അബ്ദു പഴയ അബ്ദുവല്ല ഇപ്പോള്‍.. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പി ആര്‍ ഓ ആയ അബ്ദുല്‍രഹിമാന്‍ അബ്ദുല്ലയാണ്.. കുറെ കാലം കൂടി കണ്ട സന്തോഷവുമായി "സബ്ക" ബസ്‌ സ്ടാണ്ടിനു മുമ്പിലെ ജ്യൂസ് കടയില്‍ നിന്നും ഓരോ ജ്യൂസിന്നു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഞാനാണ് പഴയ കാര്യങ്ങള്‍ എടുത്തിട്ടത്.. ഒരുമിച്ചു സ്കൂളില്‍ പോയതും പഴയ കൂട്ടുകാരെയും ഒക്കെ കഥകള്‍ ഇങ്ങിനെ പറയുമ്പോളാണ് നമ്മുടെ ദാസന്‍ ഇപ്പോള്‍ നാട്ടിലെ വലിയ മുതലാളി ആയ കഥ അറിഞ്ഞതും...

സംസാരം അങ്ങിനെ ദാസനില്‍ എത്തി നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു "... അബ്ദു... അന്ന് ഇബിലീസ് പിടിച്ചു കൊണ്ട് പോയത് കൊണ്ടാണ് എന്ന് തോന്നുന്നു ... നിങ്ങള്‍ രണ്ടു പേരും രക്ഷപ്പെട്ടു...ഞാനൊക്കെ ഇപ്പോളും ഇവിടെ ചെറിയൊരു കമ്പനിയില്‍ മുതലാളിയുടെ തെറിയും കേട്ടു സഹിച്ചു പിടിച്ചു കിടക്കുകയാ..."
"...അന്ന് നിന്റൊക്ക എന്നെയും ഇബിലീസ് പിടിച്ചിരുന്നെങ്കില്‍ ഞാനുമങ്ങു രക്ഷപ്പെട്ടേനെ..."

ചിരിച്ചു കൊണ്ടാണ് അബ്ദു പറഞ്ഞത് ".... എന്‍റെ പൊന്നു ചങ്ങായീ... ഇഞ്ഞ് ആരോടും പരയൂല്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.... ഇബിലീസല്ല.. ബിലാത്തിയാ ഉള്ളത് ആ പെലായിന്റെ മോളില്..."
"ദാസനും ഞാനും ബീഡി കട്ട് വെലിക്കുവേനും ഓന്റെ അച്ഛന്റെയും മാമന്റേം കീശേന്നു.. അന്ന് എടുന്നോ ദാസനിക്ക് കിട്ടിയ കഞ്ചാവ് ബീഡിയാ ശരിക്കും ഞമ്മളെ പെലാവുമേല്‍ കേറ്റിയത്... എല്ലാണ്ട് ഒരു ഇബിലീസും ഇല്ല ചാത്തനും ഇല്ല..."
".....അന്ന് രാവിലെ മീന്‍ വാങ്ങാന്‍ പോയ എന്നെയും കൂട്ടി ദാസന്‍ പാമ്പിന്‍ കൊട്ടേല്‍ കൊണ്ടോയി ബീഡി കത്തിച്ചു രണ്ടു പോക എടുത്തത് ഓര്‍മ്മെണ്ട്... പിന്നെ പോരെന്റെ മുറ്റത്ത്‌ കെടക്കുന്നതാ എന്‍റെ ഓര്‍മ്മ... കഞ്ചാവിന്റെ ചൂടില്‍ അങ്ങ് കേറി പോയതാ പെലാവുംമല്... എന്നിറ്റു ഓരോ ഇബിലീസും ബിലാത്തിയും..." അബ്ദുവിന്റെ ചിരിയില്‍ ഞാന്‍ ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു...

..................

ഇത്തവണ നാട്ടില്‍ വന്നപ്പോളും ഞാന്‍ കണ്ടു ഇബിലീസിന്റെ പിലാവിനെ... അത് മുറിക്കാന്‍ വന്നവര്‍ മഴു കൊണ്ട് തട്ടിയപ്പോള്‍ അതില്‍ നിന്നും ചോര വന്നതും... മുറിക്കാന്‍ എത്തിയ കരാരുകാരനോട് രാത്രി സ്വപ്നത്തില്‍ പാമ്പ് വന്നു ആ മരം മുറിക്കരുത് എന്ന് പറഞ്ഞതും ഒക്കെ നാട്ടിലെ പുതിയ കഥകള്‍ ആയി കേള്‍ക്കുകയും ചെയ്തു... അബ്ദുവിന് കൊടുത്ത വാക്ക് കാരണം ഞാന്‍ ഇക്കഥ ആരോടും പറഞ്ഞില്ല... ഇപ്പോള്‍ നിങ്ങളോടും...

.

Tuesday, May 4, 2010

എന്‍റെ വഴിവിളക്ക്....




അര്‍ത്ഥമില്ലാ രാപകലുകളില്‍ ഒന്ന് കൂടി കടന്നു പോവുന്നു .
വലിഞ്ഞു നീങ്ങും പകലുകള്‍.... നിദ്രയില്ലാ രാവുകള്‍....

നിദ്ര തലോടാന്‍ ഇതെന്തേ വൈകുന്നു...????
നിദ്രയ്ക്കും വേണ്ടാതായോ ഇനി എന്നെ...????
അതോ... നിത്യമാം നിദ്രയോ ഇനി എന്‍ രക്ഷാമാര്‍ഗ്ഗം....???

കൊതിക്കുന്നു നാം പലതും.... പക്ഷെ...
വിധിക്കുന്നവന്‍... നോക്കി ചിരിക്കുന്നതെന്നെ
അഗ്നിയിലേക്ക് പറന്നടുക്കും ശലഭം ഞാന്‍
അറിയുന്നില്ലിതെന്‍ അവസാന യാത്ര..
ചെഞ്ചോര കലശവും മഞ്ഞളും നിറച്ച് ..
തുള്ളിയാടുമാ തീകാവടി....

അറിയുന്നില്ല... ഞാനതില്‍ മറഞ്ഞിരിക്കും
ചൂടും പുകയും നീറ്റലും വേദനയും...
ഈയ്യാംപാറ്റ ഞാന്‍ വെളിയെ ഒരഗ്നിമുഖി.....
എരിയുന്നിന്നെന്‍ നെഞ്ചകം.. നാളെ....
അറിയില്ല എന്തെന്‍ പുതിയ മുഖം..

ദൈവമേ നീ മാത്രം എന്‍ നൌകയും... കപ്പിത്താനും...
നീ....... നീ മാത്രമെന്‍ പരിധിയും ചുക്കാനും...

സൗഹൃദം നിറച്ചു നീ...യെന്‍ ഹൃദയം മുഴുവനും ..
വാത്സല്യം നല്‍കി നീ...യെന്‍ കണ്ണിനും കരളിനും..
തെറ്റുകള്‍ കുറ്റങ്ങള്‍ ഭീതികള്‍ ഒളിച്ചു നീ
നന്മ മാത്രം കാണുന്നു ഞാന്‍ എന്‍ ചുറ്റോടുചുറ്റിലും...
അറിയില്ല.... എനിക്കീ നന്മയൊരു സത്യമോ..???

വഴിയറിയില്ല... ദിക്കറിയില്ല ഞാന്‍..
പതറി നടക്കുന്നു ഈ അന്ധകാരത്തില്‍..
ദൈവമേ.... നീ തന്നെ എന്‍റെ വഴികാട്ടി...
നീ തന്നെ എന്‍റെ വഴി വിളക്കും...