Friday, April 10, 2009

റിസെഷ്യന്‍... ..

തുടര്‍ച്ച......

ആ പഞ്ചാബി കാര്പെന്റെര്‍ എന്താണാവോ ആ ഡ്രൈവറുമായി കഥ പറയുന്നത്.....കുറെ സമയം ആയല്ലോ തുടങ്ങിയിട്ട്....


അവന്‍ കഴിഞ്ഞ ആഴ്ച പോയ പെണ്ണിന്റെ കഥയാവും..

അവന്റെ ഇപ്പോള്‍ മൂന്നാമത്തെ വിസയാണ് ..... അതിന്നിടയില്‍ നാട്ടില്‍ പോയത് ആകെ ഒരുതവണ മാത്രമാണെന്ന് പറയുന്നത് കേട്ടു ..

അവനൊക്കെ അല്ലെങ്കില്‍ എന്തിനാ നാട്ടില്‍ പോവുന്നത് .. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് കുളിച്ചു സുന്ദരന്‍ ആയി പോവുന്നത് ദേരയിലേക്കും സത് വ യിലേക്കും ആണെന്നവന്‍റെ മുറിയിലുള്ളവര്‍ തന്നെയാണ് പറഞ്ഞു നടക്കുന്നത്.....

ഈ മരുഭു‌മിയില്‍ നിന്നും ഇവനൊക്കെ ഉണ്ടാക്കുന്നത്‌ മുഴുവന്‍ കള്ളും പെണ്ണുമായി തീര്‍ക്കുമെന്നാണ് തോന്നുന്നത്....

ആ ... അങ്ങിനെയും ചില ഭാഗ്യവാന്‍മാര്‍ !!!! ....

ഇത് ആരാണാവോ , ഇപ്പോള്‍ മിസ്‌ കാള്‍ അടിക്കുന്നത് ....

ഹൊ ... .... അവളോട്‌ പല തവണ പറഞ്ഞിട്ടുണ്ട്... വെറുതെ ആവശ്യമില്ലാതെ മിസ്‌ കാള്‍ അടിക്കരുതെന്ന്........

അല്ലെങ്കില്‍ അവളെ പറഞ്ഞിട്ടെന്താ കാര്യം... നാട്ടില്‍ വിളിച്ചിട്ട് രണ്ടാഴ്ചയായി...

ശമ്പളം കിട്ടി ഒരാഴ്ച കഴിയും മുമ്പ് കയ്യില്‍കാശില്ലാതാവും... ഹുണ്ടിഫോണ്‍ ആണ് പിന്നെയുള്ള ഒരേ ഒരാശ്വാസം ... ചാര്‍ജും കുറവാണ് ... അതും ശമ്പളംകിട്ടുമ്പോള്‍ കൊടുത്താല്‍ മതി....


പക്ഷെ , ഇപ്പോള്‍ അതുമില്ലാതായി ... കമ്പനി ആരെ എപ്പോള്‍ പറഞ്ഞു വിടും എന്നറിയാത്തതു കൊണ്ടു മുന്‍‌കൂര്‍ പൈസ കൊടുക്കാതെ ഹുണ്ടിക്കാരന്‍ ഒരു കോളും തരുന്നില്ല....

എന്ത് ചെയ്യാന്‍.... ഇതൊക്കെ പറഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവുകയുമില്ല....

ഛെ , വിളിക്കണ്ടായിരുന്നു .......

വെറുതെ, മൊബൈലില്‍ ഉണ്ടായിരുന്ന കാശും തീര്ന്നു.. ആകെ പ്രശ്നങ്ങള്‍ തന്നെ...

മോന്റെ സ്കൂള്‍ ഫീസ്, കരണ്ട് ബില്ല്, ഫോണ്‍ബില്‍, കല്യാണം , ഉത്സവം ..........

ഈശ്വരാ ഇനിയാരോട് കടം വാങ്ങും...

ആ നശിച്ച തലവേദന വീണ്ടും തുടങ്ങി.....

ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെന്കില്‍ ഊണും കഴിഞ്ഞു ഒന്നു മയങ്ങാമായിരുന്നു.....മെസ്സില്‍ നിന്നും ഭക്ഷണം എത്തിയോ ആവോ....

പന്ത്രണ്ടു മണിക്ക് ലഞ്ച് ബ്രേക്ക് ആണെന്കിലും വല്ല കോണ്‍ക്രീറ്റ് പണിയും ഉണ്ടെങ്കില്‍ അതുമുണ്ടാവില്ല...

ഭാഗ്യം. ഇന്നു കൊണ്ക്രിറ്റ്ടില്ല ....

ഒരു മണിക്കൂര്‍ എന്ന് പറയുന്നതു കണ്ണ് അടക്കുന്നതിനു മുമ്പ് അങ്ങ് കഴിയും..

ആരാണാവോ അവിടെ കോട്ടും ടൈയ്യുമോക്കെയായി കുറെ ആളുകള്‍...ഈ ചൂടിലും ഇവന്മാരെങ്ങനെ ഇതൊക്കെ സഹിക്കുന്നു... ഈ ഡാന്ക്രി* കോട്ടണ്‍ ആണെന്കിലും ഇതിന്നുള്ളില്‍ നിന്നും പുകചിലെടുക്കുന്നത് അനുഭവിച്ചു തന്നെ അറിയണം... അപ്പോഴാണ്‌ ഇവന്മാരുടെ കോട്ടും ടൈ യ്യും ....

എല്ലാം മലബാറികള്‍ ആണെന്ന് തോന്നുന്നു... വല്ല പ്രവാസി സന്കടനയുടെയും ആളുകളായിരിക്കും.... ആവശ്യത്തില്‍ അധികം കാശ് ഉണ്ടായി ക്കഴിഞ്ഞാല്‍ പിന്നെ സന്കട്ന എന്നും പറഞ്ഞു ഇറങ്ങിക്കോളും പേരുണ്ടാക്കാന്‍ ....

പാവപ്പെട്ട തൊഴിലാളികളുടെ വേദന വിറ്റ് പേരുണ്ടാക്കാന്‍.....സ്വന്തം കമ്പനിയിലുള്ള തൊഴിലാളികള്‍ക്ക്‌ മര്യാദയ്ക്ക് ശമ്പളം പോലും കൊടുക്കാതെ..... ഇറങ്ങിയിരിക്കുന്നു ...

കഴിഞ്ഞ മാസം ഒരു പ്രവാസി സന്കടനയുടെ പരിപാടിയുണ്ടായിരുന്നു... നാട്ടില്‍ നിന്നും മന്ത്രി മാരെയും എംപി മാരെയും ഒക്കെ കൊണ്ടു വന്നിട്ട്...

ഇത്രയും വലിയ ഒരു ചടങ്ങ് ഉത്ഘാടനം ചെയ്യാന്‍ എന്ന് പറഞ്ഞു റൂമിലുള്ള ശിവനെ കൊണ്ടു പോയപ്പോള്‍ ആദ്യം തോന്നിയത് അസൂയയായിരുന്നു അവനോട് ...

ഒരു കഫ്റ്റെരിയ* ജീവനക്കാരനും , ഒരു വീട്ടു വേലക്കാരിയും , ഒരു സ്കൂള്‍ കുട്ടിയും പിന്നെ അവനും നിലവിളക്ക് കൊളുത്തുമ്പോള്‍ ....ടൈയ്യും കെട്ടി സ്റ്റേജില്‍ ഇരുന്നവന്‍ മാരുടെ മുഖത്തുണ്ടായിരുന്ന ഒരു ഭാവം.....

മറക്കാന്‍ ശ്രമിക്കുന്ന അനുഭവങ്ങള്‍ പറയിപ്പിച്ചു.... കരയിപ്പിച്ചും ......

ച്ച് ഛെ ...അവര്‍ കൊടുത്ത നൂറു ദിര്‍ഹവും ബിരിയാണി പൊതിയും.... അവസാനം ഗാനമേളയും.... അതോടെ തീരുമോ എല്ലാ പ്രശ്നങ്ങളും....

എന്ത് ചെയ്യാം , നാട്ടില്‍ നിന്നും വന്നിട്ട ഇത്രയും കാലമായെന്കിലും ചിലതൊന്നും അങ്ങ് ദഹിക്കുന്നില്ല.....

ദെ ... വരുന്നുണ്ട് അടുത്ത പണി....

ആ സൈറ്റ് ഓഫീസിലെ വണ്ടി ഈ ഭാഗത്ത് കറങ്ങുന്നത് കണ്ടാലറിയാം, എന്തെങ്കിലും ഒരു പണിയുണ്ടാവും...

കണ്ടില്ലേ സൈറ്റ് ഓഫീസിലേക്ക് വിളിക്കുന്നെന്നു ....

ഓഫീസിന്റെ വല്ല മെയിന്റനന്‍സ് ആയിരിക്കും...അതിനാണ് അങ്ങോട്ട് വിളിക്കുക....

അധികവും ബാത്ത് റൂമില്‍ വെള്ളം വരുന്നില്ല , അല്ലെങ്കില്‍ പോവുന്നില്ല അങ്ങിനെ വല്ലതും ആയിരിക്കും...ആ ക്ലോസ്സെറ്റ് വൃത്തി കേടക്കിയിട്ടത് കാണുമ്പോള്‍ ഓക്കാനം വരും..വെള്ളം ഉണ്ടോ എന്ന് നോക്കിയിട്ട് പോയാല്‍ പോരെ ഇവന്മാര്‍ക്ക്....... സ്റ്റാഫ് ആണ് പോലും....

പക്ഷെ ഇന്നു വേറെ എന്തോ പണിയാണെന്ന് തോന്നുന്നു. ടൈം കീപരെ കാണാനാണ് ഡ്രൈവര്‍ പറഞ്ഞത്.

എവിടെ പോയി ആ കുരിശ്..

ആ സൈറ്റ് സെക്രട്ടറിയുടെ അടുത്തുണ്ടാവും . അവിടെ ഇരുന്നു മറ്റുള്ളവര്‍ക്ക് പണി കൊടുത്തത് വലിയ കാര്യം ആയി പറയുന്നുണ്ടാവും. പ്രൊജക്റ്റ്‌ മാനേജര്‍ ഓഫീസില്‍ ഇല്ലെങ്കില്‍ അതാണല്ലോ പണി...

ആ.. വരുന്നുണ്ട് , കയ്യിലൊരു പേപ്പറുമായി....എന്താണാവോ പണി...


ഈ പേപ്പറുമായി രാവിലെ ഹെഡ് ഓഫീസില്‍ പോവാണോ... എന്തിനാണാവോ.. എന്താ... എന്താ ....ക്ലിയറന്‍സ് പേപ്പര്‍ ഇപ്പോള്‍ തന്നെ വാങ്ങി പോവാനോ .... ബത്താക്ക* കൊടുത്താല്‍ സെട്ട്ല്മെന്റ്റ് പൈസ നാളെ തന്നെ കിട്ടുമെന്നോ....

എന്റെ കണ്ണ് നിറയുന്നുണ്ടോ...ശ്വാസം തൊണ്ടയില്‍ കുടുങ്ങുന്നത് പോലെ....

എന്താണ് പറഞ്ഞതു നാളെ ........????

--------------

For easy reading…..
* ഡാന്ക്രി = Coverall കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഉപയോഗിക്കുന്ന വസ്ത്രം ...
*കഫ്റ്റെരിയ = ചെറിയ ചായക്കട
*ബത്താക്ക = Labour card

2 comments:

  1. കഥ വായിച്ച് ഒടുവില്‍ ഫോട്ടോ കണ്ടപ്പോഴാണ് "എല്ലാം ...
    കഥ വായിച്ച് ഒടുവില്‍ ഫോട്ടോ കണ്ടപ്പോഴാണ് "എല്ലാം മനസ്സിലായത്"........

    ReplyDelete