Monday, May 31, 2010

ഈ കഴുകന്മാര്‍ പറക്കുന്നത് ആര്‍ക്കു വേണ്ടി??

.
നാം മലയാളികള്‍ എന്നും ഇങ്ങിനെയാണ്‌.എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ഉടനെ വാദമായി പ്രതിവാദമായി, ചര്‍ച്ചകളായി ചോദ്യങ്ങളായി ഉത്തരങ്ങളായി. ഏത് പ്രശ്നമായാലും എങ്ങിനെയുള്ള പ്രശ്നങ്ങളായാലും ചര്‍ച്ചകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അതിനുള്ള ഉത്തരങ്ങള്‍ക്കോഒരൊറ്റ മലയാളി പോലും പിറകോട്ടാവില്ല എന്നതും സത്യം.

പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.

മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.

കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.

ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.

അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.

പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.

ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.

പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .

വാല്‍ക്കഷണം.
വിമാനം നാലപതിലധികം മണിക്കൂറുകള്‍ വൈകിയതിനെകുറിച്ച്
സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര്‍ മുഴുവന്‍ മാപ്പ് പറയണം........"

ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്‍റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.

Monday, May 24, 2010

ഒരു ദുരന്തവും ചില ശവം തീനികളും...

.
മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

വാല്‍ കഷണം:

ദുരന്തം നടന്ന ദിവസം ദുബായില്‍ നിന്നും ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ ഡ്രൈവര്‍ ഒരു പാകിസ്താന്‍ സ്വദേശിയായിരുന്നു. ടാക്സിയില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ ദുരന്തത്തിന്റെ വേദന പങ്കിട്ട അദ്ദേഹം ഞാന്‍ ഒരു മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. "......ടെന്‍ഷന്‍ മത് കരോ ഭായി... ഓ ലോക സാബ്‌ ഹുദാ കാ പാസ് ഗയാ... ഹം ലോക് കോ സിര്‍ഫ്‌ ദുആ കര്‍ സക്തെ... ദുആ കരോ.. ഭായി.... സബ് ലോകോം കേലിയെ..." ( ടെന്‍ഷന്‍ വേണ്ട സഹോദരാ.. അവരെല്ലാം (മരണപ്പെട്ടവര്‍) ദൈവത്തിന്റെ പക്കലെക്കാന് പോയത്... അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.. എല്ലാവര്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ സഹോദരാ...)

ഇപ്പോള്‍ ഒരൊറ്റ സംശയം മാത്രമേ ഉള്ളൂ എന്‍റെ മനസ്സില്‍ .. ആരാണ് യാതാര്ത്തത്ത്തില്‍ നമ്മുടെ ശത്രു..
.

Tuesday, May 11, 2010

യൂണിഫോം ധരിച്ച സമരക്കാരും... അതി തീവ്ര ജൈവായുധങ്ങളും ...

.
കേരളത്തിനു മാറ്റമില്ല മാറ്റമില്ല എന്നാരാ പറഞ്ഞത്?? കാല്ങ്ങല്‍ക്കനുസരിച്ച മാറ്റങ്ങള്‍.. ഹേ അങ്ങിനെയല്ല...അങ്ങിനെയല്ല... കാലങ്ങല്‍ക്കധീതമായ മാറ്റങ്ങള്‍ തന്നെയാ കേരളത്തില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?? വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ യുണിഫോം ധരിക്കണം എന്നത് അലന്ഘനീയമായ ഒരു നിയമമാണ്. മേലെയുള്ളവര്‍ കോട്ടും സൂട്ടും ഒക്കെയാണ് ധരിക്കുന്നതെങ്കില്‍ സാദാ ഡ്രൈവര്‍മാരും അതിലും താഴെ യുള്ള ക്ലീനെര്മാരും അടക്കം ഏവരും യുണിഫോം അണിഞ്ഞു കൊണ്ടേ പണി ചെയ്യുകയുള്ളൂ അവിടങ്ങളില്‍. ഇവിടെ കേരളത്തില്‍ ഹര്‍ത്താലും സമരവുമൊക്കെ പ്രധാന തൊഴിലുകള്‍ ആയതിനാല്‍ എങ്ങിനെയാണ് ഇവിടെ ഈ യൂണിഫോം സിസ്റ്റം വരിക എന്നത് പലതവണ ചിന്തിച്ചതായിരുന്നു.

പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ
സമരക്കാരൊക്കെ യൂണിഫോമില് ആണെന്ന് തോന്നുന്നു ഇപ്പോള്‍ സമരത്തിനു പോവുന്നത്.അതും നല്ല കാക്കി യൂണിഫോമില്‍. കാക്കി പാന്റ്സും ഷര്‍ട്ടും, തൊപ്പിയും ബൂട്ടും പിന്നെ അത്യാവശ്യം വേണ്ട ലാത്തിയും ഗാര്‍ഡും ഒക്കെയായാണ് ഇപ്പോള്‍ നമ്മുടെ സമരക്കാര്‍ പോവുന്നത്.അല്ലാതെ പിന്നെ.... കോഴിക്കോട്ടെ കിനാലൂരില്‍ കഴിഞ്ഞാഴ്ച സമരം നടത്തിയവരെ കണ്ടില്ലേ ?. അന്ന് ടി വിയില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ അത് സമരക്കാരെ ഓടിക്കുന്ന പോലിസ് ആണെന്നാണ്.പിന്നെ നമ്മുടെ സ്വന്തം വ്യവസായ വകുപ്പ് ഭരിക്കുന്ന ആ ഇളം മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് അത് മുഴുവന്‍ സമരക്കാര്‍ ആണെന്ന് മനസ്സിലായത്‌.ഇന്നലെ കിനാലൂര്‍ സംഭവത്തെ ആനുകൂലിച്ചു കൊണ്ട് കുറിച്ച് നടന്ന പൊതുയോഗത്തില്‍ നമ്മുടെ മന്ത്രി പല കാര്യങ്ങളും പറഞ്ഞു.

ആ സംഭവങ്ങള്‍ മന്ത്രി സാര്‍ പറഞ്ഞപ്പോളാണ് ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക്‌ എല്ലാം മനസ്സിലായതും. അതിന്നു തെളിവെന്ന പോലെ ഒരു വയോ വൃദ്ധനെയും ഹാജരാക്കിയിരുന്നു മന്ത്രിയും ടീമും. കൈതച്ചാലില്‍ അബ്ദുല്‍രഹിമാന്‍ എന്ന് പേരുള്ള ആ പാവം പറഞ്ഞത് റേഷന്‍ പീടികയില്‍ പോയ തന്നെ സമരക്കാര്‍ എറിഞ്ഞു തല പൊളിച്ചു ഞാന്‍ തല കറങ്ങി വീണു എന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്കൊരു സംശയം എനിക്ക് അമ്നീഷിയ പിടിച്ചോ . കാരണം തലേ ദിവസം പോലീസുകാര്‍ നല്ല ഭാഷയില്‍ പലതും പുകഴ്ത്തി പറഞ്ഞു കൊണ്ട് സ്നേഹത്തോടെ ലാത്തി കൊണ്ട് തലോടുന്നതും ഓടുന്നതിനിടയില്‍ വീഴുന്നതും "എന്നെ തച്ച്.. എന്നെ തച്ച്" എന്ന് പറഞ്ഞു സന്തോഷിക്കുന്നതുമൊക്കെ കണ്ടത് പോലെ ഒരു ഓര്‍മ്മ. പിന്നെ ആ മനുഷ്യനും ബഹുമാന മന്ത്രിയുമൊക്കെ സത്യം പറഞ്ഞു തരുമ്പോള്‍ നമ്മള്‍ വിശ്വസിക്കണ്ടേ.

പിന്നെ ലോകത്തെ ഉഗ്ര തീവ്രവാദികളുടെ കയ്യില്‍ പോലും കിട്ടാത്ത തീവ്ര ജൈവ ആയുധമായ പശു ചാണകം നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തും ശത്രു രാജ്യങ്ങളില്‍ നിന്നും സംഘടിപ്പിച്ച വടികളും കല്ലുകളും ഒക്കെയായി നേരത്തെ തന്നെ സങ്കടിച്ച ഈ സമരക്കാര്‍ യുനിഫോരം ഉപയോഗിചില്ലെന്കിലല്ലേ കുഴപ്പമുള്ളൂ. അണുവായുധം പോലും വേണമെങ്കില്‍ കിട്ടും പക്ഷെ ഈ ചാണകം അത് സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കരന്മാരെ........ നിങ്ങള്‍ ശരിയായ തീവ്രവാദികള്‍ തന്നെയാ.. കഴിഞ്ഞ തവണ ഇലക്ഷനില്‍ വോട്ടു ചെയ്തെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇന്നുവരെ നമ്മടെ സഖാക്കള്‍ക്ക് പോലും കിട്ടാതിരുന്ന ഇത്തരം ആയുധങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്ന ഇവരൊന്നും അല്ലെങ്കില്‍ പിന്നെ ആരാ തീവ്രവാദികള്‍.???
.

Saturday, May 8, 2010

ഇബിലീസിന്റെ പിലാവ്... (കഥ)

.

കല്ലായി കുന്നിനു മുകളിലാണ് ഷെയ്ഖ്‌ അലവി തങ്ങളുടെ മഖ്ബറ. ചുറ്റോടുചുറ്റും കുന്നു മുഴുവന്‍ പുണ്യ പുരാതനമായ ഖബര്‍സ്ഥാനും . കാട് പിടിച്ചു കിടക്കുന്ന ഖബര്‍സ്ഥാന്റെ നടുവില്‍ കൂടിയാണ് മഖ്ബരയിലെക്കുള്ള പടികള്‍. പത്തു മുപ്പത് പടികള്‍ കയറിയാല്‍ മഖ്ബരയില്‍ കയറാം. അവിടെ പച്ച കൊടിയും പുതച്ചു കിടക്കുന്ന മഖ്ബരയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ പച്ച പുതച്ചു കിടക്കുന്ന മാങ്ങാട്ട് വയലാണ്. മാങ്ങാട്ട് വയലിന്റെ അങ്ങേക്കരയില്‍ മാങ്ങാട്ട് അമ്പലവും..

അമ്പലത്തിന്റെയും പള്ളിയുടെയും അതിരെന്ന പോലെയാണ് ഈ വയല്‍ കിടക്കുന്നത്.. പത്തു മുപ്പതേക്കര്‍ വരും വയല്‍. അതില്‍ പത്തു പതിനഞ്ചു ഏക്കര്‍ മൊയ്തു ഹാജിയുടെയും ബാക്കി മങ്ങാട് കാവിലെ അച്യുതന്‍ നമ്പിയാരുടെയും..ഇതിന്റെ ഒത്ത നടുവിലാണ് പ്ലാവ് നില്‍ക്കുന്നത്...

മൊയ്തു ഹാജിയുടെതാണോ നമ്പിയാരുടെതാണോ എന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്തത് പോലെയാണ് പ്ലാവിന്റെ നില്‍പ്പ്. ആരും ഇന്ന് വരെ അതിന്റെ മേലെ അവകാശം ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ മേലെ വിളഞ്ഞ ചക്കയുടെ രുചി പോലും ഇന്ന് വരെ മനുഷ്യനായി പിറന്ന ആരുമരിഞ്ഞിരുന്നില്ല....

കാരണം.... കല്ലായങ്ങാടിയിലെ മാപ്പിളമാര്‍ക്ക് അത് ഇബിലീസ് കേറിയ പിലാവാണെങ്കില്‍ മാങ്ങാട്ടെ തീയ്യന്മാര്‍ക്ക്‌ ചാത്തന്‍ കൂടിയ പ്ലാവാണ് അത്. ഞാന് ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെട്ട് പോയതിനാല് എനിക്കും അത് ഇബിലീസ് കൂടിയ പിലാവ് തന്നെ....

‍ പറഞ്ഞ് വന്നാല്‍ എല്ലാവരും ഭയത്തോടു കൂടിയല്ലാതെ അതിനെ കാണാറില്ല എന്നര്‍ത്ഥം..
ചെറുപ്പം മുതല്‍ ഞങ്ങളും അതിനെ പേടിയോടു കൂടിയേ കണ്ടിട്ടുള്ളൂ.. പല കഥകളും അതെക്കുറിച്ച് കേട്ടിന്ട്ടുമുണ്ടായിരുന്നു.. ഈ പ്ലാവിനെ കുറിച്ചും പ്ലാവിലെ ബാധയെ കുറിച്ചും ഒരുപാടൊരു കഥകള്‍. കുട്ടിക്കാലത്തെ കേട്ട് പേടിച്ച ഈ കഥകളില്‍ കൂടി ആ പ്ലാവും പിലാവിലെ ഇബലീസും ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നു ഞങ്ങള്‍ക്ക്.

പേടിപ്പിക്കാന്‍ കഥകള്‍ മാത്രമല്ല അനുഭവങ്ങളുമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതില്‍ പ്രധാന സംഭവമായിരുന്നു എന്‍റെ കൂടെ പഠിച്ച ദാസനെയും അബ്ദുവിനെയും ഇബിലീസ് പിടിച്ചത്. ഞങ്ങളുടെ കണ്മുന്നില്‍ ആണ് ദാസനെയും അബ്ദുവിനെയും ഇബിലീസ് കേറിയ പിലാവില്‍ നിന്നും രക്ഷപ്പെടുത്തിയതും..


............

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.. ഉച്ചയായപ്പോള്‍ അബ്ദുവിന്റെ ഉമ്മാന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലേക്ക് പോവുകയായിരുന്ന ഞങ്ങളെല്ലാം അവന്റെ കുടീലെത്തിയതും.. കല്ലായങ്ങാടീലെ കച്ചോടക്കാരന്‍ മമ്മട്ക്കയാണ് കാര്യം പറഞ്ഞത്. രാവിലെ അങ്ങാടീലേക്ക് മീന്‍ വാങ്ങാന്‍ പോയ അബ്ദു ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇത് വരെ അങ്ങാടിയിലും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞതും....

രാവിലെ മാങ്ങാട്ട് വയലിലേക്കു പോവുന്നത് ആരോ കണ്ടെന്നു പറയുന്നതും കേട്ടു.. കൂടെ ദാസനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോളാണ് ദാസന്റെ അമ്മയുടെ നിലവിളി തുടങ്ങിയത്.. രാവിലെ വീട്ടില്‍ നിന്നും പെങ്ങളുമായി അടിയും കൂടി പോയതായിരുന്നു.. ഇത് അവന്റെ സ്ഥിരം പരിപാടിയായതിനാല്‍ ഇത്രയും നേരം അങ്ങിനെ ശ്രദ്ധിച്ചിരുന്നില്ല... പക്ഷെ രണ്ടു പേരും കൂടി മാങ്ങാട്ട് വയലിലേക്കു പോവുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ ഒരു പേടി..

വയലിന്റെ രണ്ടു വശങ്ങളില്‍ നേരത്തെ പറഞ്ഞത് പോലെ മാങ്ങാട്ടമ്പലവും ശേകിന്റെ കല്ലായി കുന്നുമാണെങ്കില്‍ മറ്റു രണ്ടു വശങ്ങള്‍ അതിനേക്കാള്‍ ഭീകരമാണ്.. ഒരു ഭാഗം റെയില്‍ പാളവും മറു വശം പാമ്പിന്‍ കോട്ടയും..

നട്ടുച്ചയ്ക്ക് പോലും വെയില്‍ അടിക്കാത്ത പാമ്പിന്‍ കോട്ടയില്‍ ഏത് സമയവും വിഷം മൂത്ത് നില്‍ക്കുന്ന പാമ്പുകളുടെ വിഹാരമാണ്... മറു ഭാഗത്തെ റെയില്‍ പാലത്തില്‍ ഏത് നേരത്താണ് തീവണ്ടി വരികയെന്നുമറിയില്ല,,
ഒത്ത നടുവില്‍ ഇബിലീസിന്റെ പിലാവും...

പകല്‍ സമയങ്ങളില്‍ പോലും ഒറ്റയ്ക്ക് ആളുകള്‍ പോകാന്‍ മടിക്കുന്ന സ്ഥലം.. അങ്ങോട്ടാണ് രണ്ടു കുട്ടികള്‍ പോയിരിക്കുന്നത്... അതും വെള്ളിയാഴ്ച... എല്ലെങ്കിലും കിട്ടിയാല്‍ മഹാഭാഗ്യം..

പള്ളിയില്‍ പോകാന്‍ പോലും മറന്നു എല്ലാവരും അബ്ദുവിന്റെ കുടീന്റെ മുറ്റത്ത് തന്നെ നില്‍ക്കുകയാണ്..

അപ്പോഴാണ്‌ നാടിലെ ധൈര്യശാലിയെന്നു പേരെടുത്ത കാദര്‍ക്കാന്റെ ഒച്ച ഉയര്‍ന്നത്..." ഇങ്ങള് ബെര്‍തെ ഇബിട കൂടീറ്റെന്താ കാര്യം.. ഞമ്മക്ക് ഒന്ന് അന്വേഷിച്ചു നോക്കിക്കൂടെ...ധൈര്യമുള്ളോല് എന്റൊക്ക ബന്നോ.... ഞാനെന്തായാലും ഒന്ന് ബയല് ബരെ ചെന്നോക്കട്ടെ.."

ധൈര്യം ചോദ്യം ചെയ്യപ്പെടുമെന്നായപ്പോള്‍ നാട്ടിലെ ചില ചെറുപ്പക്കാരും കാദര്‍ക്കാന്റെ കൂടെ കൂടി..അങ്ങിനെ മാങ്ങാട്ട് അമ്പലം മുതല്‍ പാമ്പിന്‍ കോട്ട വരെയും അവിടുന്ന് കല്ലായി കുന്നിലെ ഖബരിസ്ഥാനിലും പിന്നീട് കണ്ണെത്താദൂരത്തോളം റെയില്‍ പാളത്തിലും അന്വേഷണ സംഘം കറങ്ങി.. നിരാശരായി മടങ്ങുംപോളാണ് ആരുടെയോ കണ്ണ് ഇബിലീസുള്ള പിലാവിന്റെ കൊമ്പില്‍ എത്തിയത്.. അതിന്റെ ഏറ്റവും മുകളില്‍ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ ആരോ ഉള്ളത് പോലെ... എല്ലാവരും കാദര്‍ക്കാന്റെ നേതൃത്വത്തില്‍ പിലാവിന്റെ ചുവട്ടിലെത്തി...

താഴെ എത്തിയപ്പോള്‍ മുകളില്‍ നിന്നും ചില ഞരക്കവും മൂളിച്ചയും, കേള്‍ക്കാനും തുടങ്ങി... അതോടെയാണ് ധൈര്യശാലികളില്‍ പലരും പള്ളിയില്‍ പോവേണ്ട കാര്യം ഓര്‍ത്തതും മുങ്ങിയതും.. ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എവിടുന്നോ ഒപ്പിച്ചു കൊണ്ടുവന്ന ഏണിയില്‍ കാദര്‍ക്ക കയറി നോക്കിയപ്പോള്‍ അതാ ഏറ്റവും മേലെ ആര്‍ക്കും കയരാനാവാത്ത്ത കൊമ്പില്‍ രണ്ടു കുട്ടികളും മയങ്ങി കിടക്കുന്നു...

എങ്ങിനെയൊക്കെയോ രണ്ടു പേരെയും രക്ഷപ്പെടുത്തി താഴെ കൊണ്ട് വരുമ്പോളും രണ്ടാള്‍ക്കും ബോധമുണ്ടായിരുന്നില്ല.. കല്ലായി പള്ളിയിലെ ഷെയ്ഖിന്റെ ഖുദുരത്തും മാങ്ങാട്ടമ്പലത്തിലെ പോര്‍ക്കലി ദേവിയുടെ കാവലും കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി.. അതും മുപ്പെട്ടു വെള്ളിയാഴ്ച നട്ടുച്ചയ്ക്ക്.. പോക്ക് വരവുള്ള മാങ്ങാട്ട് വയലില്‍.. ഇബിലീസിന്റെ പിലാവിന്റെ ഏറ്റവും മുകളിലെ കൊമ്പില്‍ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ തന്നെ ഒരു പേടി...

അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ദാസനും അബ്ദുവും പിന്നീട് സ്കൂളിലെയും നാട്ടിലെയും പ്രധാന ആകര്‍ഷണങ്ങളായിരുന്നു. രാവിലെ മാങ്ങാട്ട് വയലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അവരെ കൂളിചൂട്ടു വഴിതെറ്റിച്ചതും പിലാവിന്റെ മുകളില്‍ കേറ്റിയതും.. പിലാവിന്റെ മുകളില്‍ അവര്‍ കണ്ട വലിയ കൊട്ടാരവും ഒക്കെ കുറെ കാലം നാട്ടുകാരുടെ സംസാര വിഷയമായിരുന്നു... അതോടൊപ്പം മണ്മറഞ്ഞു കിടക്കുന്ന ശേയികിന്റെ കരാമത്തും പോര്‍ക്കലി ദേവിയുടെ കഴിവുകളും നാട്ടിലെ പ്രധാന കഥകളായി... ഇതോടൊപ്പം ഓരോരുത്തര്‍ക്കും തോന്നിയത് പോലെ കഥകളില്‍ പുതിയ പുതിയ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും വരികയും ചെയ്തു.. പോര്‍ക്കലി ദേവി സിംഹപ്പുറത്തും ശേഖുപ്പാപ്പ കുതിരപ്പുറത്തും വരികയും ഇബിലീസുമായി യുദ്ധം ചെയ്തതുമൊക്കെ ഇതിന്റെ ഒപ്പം ചേര്‍ക്കപ്പെടുകയും ചെയ്തു..

...........

കാലം കടന്നു പോയി... ഈയടുത്ത കാലത്ത് ദുബായില്‍ ദേരയില്‍ കൂടി നടക്കുമ്പോളാണ് അബ്ദുവിനെ കണ്ടത്.. അബ്ദു പഴയ അബ്ദുവല്ല ഇപ്പോള്‍.. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പി ആര്‍ ഓ ആയ അബ്ദുല്‍രഹിമാന്‍ അബ്ദുല്ലയാണ്.. കുറെ കാലം കൂടി കണ്ട സന്തോഷവുമായി "സബ്ക" ബസ്‌ സ്ടാണ്ടിനു മുമ്പിലെ ജ്യൂസ് കടയില്‍ നിന്നും ഓരോ ജ്യൂസിന്നു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഞാനാണ് പഴയ കാര്യങ്ങള്‍ എടുത്തിട്ടത്.. ഒരുമിച്ചു സ്കൂളില്‍ പോയതും പഴയ കൂട്ടുകാരെയും ഒക്കെ കഥകള്‍ ഇങ്ങിനെ പറയുമ്പോളാണ് നമ്മുടെ ദാസന്‍ ഇപ്പോള്‍ നാട്ടിലെ വലിയ മുതലാളി ആയ കഥ അറിഞ്ഞതും...

സംസാരം അങ്ങിനെ ദാസനില്‍ എത്തി നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു "... അബ്ദു... അന്ന് ഇബിലീസ് പിടിച്ചു കൊണ്ട് പോയത് കൊണ്ടാണ് എന്ന് തോന്നുന്നു ... നിങ്ങള്‍ രണ്ടു പേരും രക്ഷപ്പെട്ടു...ഞാനൊക്കെ ഇപ്പോളും ഇവിടെ ചെറിയൊരു കമ്പനിയില്‍ മുതലാളിയുടെ തെറിയും കേട്ടു സഹിച്ചു പിടിച്ചു കിടക്കുകയാ..."
"...അന്ന് നിന്റൊക്ക എന്നെയും ഇബിലീസ് പിടിച്ചിരുന്നെങ്കില്‍ ഞാനുമങ്ങു രക്ഷപ്പെട്ടേനെ..."

ചിരിച്ചു കൊണ്ടാണ് അബ്ദു പറഞ്ഞത് ".... എന്‍റെ പൊന്നു ചങ്ങായീ... ഇഞ്ഞ് ആരോടും പരയൂല്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.... ഇബിലീസല്ല.. ബിലാത്തിയാ ഉള്ളത് ആ പെലായിന്റെ മോളില്..."
"ദാസനും ഞാനും ബീഡി കട്ട് വെലിക്കുവേനും ഓന്റെ അച്ഛന്റെയും മാമന്റേം കീശേന്നു.. അന്ന് എടുന്നോ ദാസനിക്ക് കിട്ടിയ കഞ്ചാവ് ബീഡിയാ ശരിക്കും ഞമ്മളെ പെലാവുമേല്‍ കേറ്റിയത്... എല്ലാണ്ട് ഒരു ഇബിലീസും ഇല്ല ചാത്തനും ഇല്ല..."
".....അന്ന് രാവിലെ മീന്‍ വാങ്ങാന്‍ പോയ എന്നെയും കൂട്ടി ദാസന്‍ പാമ്പിന്‍ കൊട്ടേല്‍ കൊണ്ടോയി ബീഡി കത്തിച്ചു രണ്ടു പോക എടുത്തത് ഓര്‍മ്മെണ്ട്... പിന്നെ പോരെന്റെ മുറ്റത്ത്‌ കെടക്കുന്നതാ എന്‍റെ ഓര്‍മ്മ... കഞ്ചാവിന്റെ ചൂടില്‍ അങ്ങ് കേറി പോയതാ പെലാവുംമല്... എന്നിറ്റു ഓരോ ഇബിലീസും ബിലാത്തിയും..." അബ്ദുവിന്റെ ചിരിയില്‍ ഞാന്‍ ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു...

..................

ഇത്തവണ നാട്ടില്‍ വന്നപ്പോളും ഞാന്‍ കണ്ടു ഇബിലീസിന്റെ പിലാവിനെ... അത് മുറിക്കാന്‍ വന്നവര്‍ മഴു കൊണ്ട് തട്ടിയപ്പോള്‍ അതില്‍ നിന്നും ചോര വന്നതും... മുറിക്കാന്‍ എത്തിയ കരാരുകാരനോട് രാത്രി സ്വപ്നത്തില്‍ പാമ്പ് വന്നു ആ മരം മുറിക്കരുത് എന്ന് പറഞ്ഞതും ഒക്കെ നാട്ടിലെ പുതിയ കഥകള്‍ ആയി കേള്‍ക്കുകയും ചെയ്തു... അബ്ദുവിന് കൊടുത്ത വാക്ക് കാരണം ഞാന്‍ ഇക്കഥ ആരോടും പറഞ്ഞില്ല... ഇപ്പോള്‍ നിങ്ങളോടും...

.

Tuesday, May 4, 2010

എന്‍റെ വഴിവിളക്ക്....




അര്‍ത്ഥമില്ലാ രാപകലുകളില്‍ ഒന്ന് കൂടി കടന്നു പോവുന്നു .
വലിഞ്ഞു നീങ്ങും പകലുകള്‍.... നിദ്രയില്ലാ രാവുകള്‍....

നിദ്ര തലോടാന്‍ ഇതെന്തേ വൈകുന്നു...????
നിദ്രയ്ക്കും വേണ്ടാതായോ ഇനി എന്നെ...????
അതോ... നിത്യമാം നിദ്രയോ ഇനി എന്‍ രക്ഷാമാര്‍ഗ്ഗം....???

കൊതിക്കുന്നു നാം പലതും.... പക്ഷെ...
വിധിക്കുന്നവന്‍... നോക്കി ചിരിക്കുന്നതെന്നെ
അഗ്നിയിലേക്ക് പറന്നടുക്കും ശലഭം ഞാന്‍
അറിയുന്നില്ലിതെന്‍ അവസാന യാത്ര..
ചെഞ്ചോര കലശവും മഞ്ഞളും നിറച്ച് ..
തുള്ളിയാടുമാ തീകാവടി....

അറിയുന്നില്ല... ഞാനതില്‍ മറഞ്ഞിരിക്കും
ചൂടും പുകയും നീറ്റലും വേദനയും...
ഈയ്യാംപാറ്റ ഞാന്‍ വെളിയെ ഒരഗ്നിമുഖി.....
എരിയുന്നിന്നെന്‍ നെഞ്ചകം.. നാളെ....
അറിയില്ല എന്തെന്‍ പുതിയ മുഖം..

ദൈവമേ നീ മാത്രം എന്‍ നൌകയും... കപ്പിത്താനും...
നീ....... നീ മാത്രമെന്‍ പരിധിയും ചുക്കാനും...

സൗഹൃദം നിറച്ചു നീ...യെന്‍ ഹൃദയം മുഴുവനും ..
വാത്സല്യം നല്‍കി നീ...യെന്‍ കണ്ണിനും കരളിനും..
തെറ്റുകള്‍ കുറ്റങ്ങള്‍ ഭീതികള്‍ ഒളിച്ചു നീ
നന്മ മാത്രം കാണുന്നു ഞാന്‍ എന്‍ ചുറ്റോടുചുറ്റിലും...
അറിയില്ല.... എനിക്കീ നന്മയൊരു സത്യമോ..???

വഴിയറിയില്ല... ദിക്കറിയില്ല ഞാന്‍..
പതറി നടക്കുന്നു ഈ അന്ധകാരത്തില്‍..
ദൈവമേ.... നീ തന്നെ എന്‍റെ വഴികാട്ടി...
നീ തന്നെ എന്‍റെ വഴി വിളക്കും...

Tuesday, April 27, 2010

വാര്‍ത്തകള്‍ വിശദമായി...

.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഹര്‍ത്താല്‍ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ് . കേരളത്തില്‍ ഏറ്റവും ചിലവുള്ള വ്യവസായം എന്ന രീതിയില്‍ ഹര്ത്താലിന്റെ വിജയം ഓരോ മലയാളിയെയും പുളകിതരാക്കുന്നു എന്നാണ് പൊതുവായുള്ള വിലയിരുത്തല്‍.. ചില പിന്തിരിപ്പന്‍ മൂരാച്ചി പത്ര മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള മാധ്യമ സിണ്ടികടുകള്‍ മാത്രമാണ് ഇതിന്നു അപവാദം. ഏതാനും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിച്ചു എന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായിരുന്നു ഹര്‍ത്താല്‍ മഹാ മഹം.

ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി കുത്തക മുതലാളിമാര്‍ നിരത്തിലിറക്കിയ ‌ ചില ഒടോരിക്ഷകളും വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൂരാച്ചി സ്ഥാപനങ്ങളായ ചില കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളും തല്ലി തകര്‍ത്തു എന്നത് മാത്രമാണ് ഹര്താലിനിടക്ക് കോഴിക്കോട് നടന്ന സാമ്പിള്‍ വെടിക്കെട്ടുകള്‍.കോഴിക്കോട്ടെ നൈനാം വളപ്പില്‍ ആണ്‍കുട്ടികള്‍ കൂടുതലായതിനാലും അവരുടെ നട്ടെല്ല് ഒരു നേതാക്കള്‍ക്കും പണയം വെച്ചിട്ടില്ലാത്തതിനാലും അവിടെ റേഷന്‍ കടയടക്കം എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

സാധാരണ വിദേശത്തേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ടും വിമാന ടിക്കെറ്റും എയര്‍ പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതരാണ് പരിശോധിക്കാരെങ്കില്‍ ഹര്‍ത്താല്‍ സ്പെഷല്‍ ആയി കൊച്ചി എയര്‍ പോര്ടിലെക്കുള്ള മുഴുവന്‍ യാത്രക്കാരെയും നടുറോഡില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധന നടത്തി വിട്ടിട്ടുണ്ട്. കൂടെ യാത്രയയക്കാന്‍ പോയവര്‍ക്കുള്ള സുന്ദരന്‍ തെറികള്‍ കയ്യോടെ നല്‍കി അതെ ചെക്കിംഗ് പൊയന്റില്‍ തന്നെ ഇറക്കി വിട്ടിട്ടുമുണ്ട്..ഹര്‍ത്താല്‍ തീരുന്നത് വരെ ഭക്ഷണവും കുടി വെള്ളവും കിട്ടിയില്ലെങ്കിലും ഇതേ രീതിയിലുള്ള തെറികള്‍ കേട്ടു വയറു നിരക്കാംഎന്നുള്ള സന്തോഷത്തിലാണ് അവരെല്ലാം..

സാധാരണ ഹര്താലുകളില്‍ നിന്നും വ്യത്യസ്തമായി നേതാക്കള്‍ രാവിലെ തന്നെ ഏകദേശം എല്ലാ റെയില്‍വേ സ്റ്റേനുകളിലും എത്തി പാസ്സന്ചെര്‍ ട്രയിനുകള്‍ തടയുക കൂടി ചെയ്തതോടെ യാത്രക്കാരെല്ലാം സന്തോഷം കൊണ്ട് തുള്ളിചാടുകയാനെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുടുംബവും കുട്ടികളുമായി യാത്ര ചെയ്ത ദീര്‍ഘ ദൂര യാത്രികരാണ് ഏറ്റവും സന്തോഷത്തിലുള്ളത്.

മലയോര മേഖലയില്‍ ആകെയുള്ള ബസ്‌ സര്‍വീസുകള്‍ ഒന്നും നടക്കാത്തതിനാല്‍ എല്ലാവരും നേരത്തെ സങ്കടിപ്പിച്ചു വച്ച വാട്ടീസും അടിച്ചു ഉച്ച വരെ കിടന്നുരങ്ങിയെന്നും സ്ത്രീകള്‍ അവിടെ അടുക്കള ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ഉച്ച്ക്കെഴുനെട്ടവര്‍ വീണ്ടും രണ്ടു വിട്ടു പുതിയ മലയാളം സിനിമയുടെ സിഡി കണ്ടു കൊണ്ടിരിക്കുകയാനെന്നുമാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.

ദുബായില്‍ നിന്നും കോഴിക്കോട് എയര്‍ പോര്ടിലെത്തിയ യാത്രക്കാരില്‍ അധികവും തൊട്ടടുത്തുള്ള അടിസ്ഥാന വര്ഗ്ഗങ്ങള്‍ക്കായുള്ള ഹോടെലുകളില്‍ മുറിയെടുത്തു സാദാ മുറിക്കു എ സി മുറിയുടെ ചാര്‍ജ്ജും എ സിക്ക് ഡബിള്‍ എസി ചാര്‍ജ്ജും കൊടുത്തു സന്തോഷ തോടെ ഉറങ്ങുകയാണെന്ന് അറിയുന്നു. ഇന്നത്തെ സ്പെഷല്‍ എന്നത് പോലെ ഇന്നത്തെ സ്പെഷല്‍ റേറ്റ് എന്ന് ബോര്‍ഡ് എല്ലാ ഹോടലുകള്‍ക്ക് മുമ്പിലും തൂങ്ങുന്നുണ്ട്.

സ്വന്തം മാതാശ്രീ ഇഹലോകവാസം വെടിഞ്ഞതു അറിഞ്ഞു ദുബായില്‍ നിന്നെത്തിയ ചെറുപ്പകാരന്‍ കുറച്ചു നേരം നാട്ടിലെത്താന്‍ ശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ സസന്തോഷം എയര്‍ പോര്ടിന്റെ മൂലയില്‍ കുത്തിയിരിക്കുന്നുണ്ട്.അദ്ധേഹത്തിന്റെ കണ്ണുകളില്‍ നിന്നും വീഴുന്ന ആനന്ധാശ്രുക്കള്‍ ഹര്‍ത്താല്‍ അനുയായികള്‍ക്കുള്ള ഏറ്റവും വലിയ ആദരവായാണ് ഏവരും കാണുന്നത്.

വിലക്കയറ്റത്തിനെതിരെയുള്ള ഈ ഹര്‍ത്താല്‍ കാരണം നാളെ രാവിലെ മുതല്‍ കയറിയ വില പേടിച്ചു താഴോട്ട് ഇറങ്ങുന്നതായിരിക്കും എന്ന് ഞങ്ങളുടെ ദല്‍ഹി ബ്യുറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ ഹര്താലുകളിലും വില താഴോട്ടു താഴോട്ടു വന്നു ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗ രാജ്യമായ ഭാരതത്തില്‍ പ്രത്യേകിച്ചും ഹര്‍ത്താലുകള്‍ കൂടുതലുള്ള കേരളത്തില്‍ ഇനി അടുത്ത ഒരു അഞ്ചോ പത്തോ വര്ഷം കഴിയുംപോലെക്കും വില എന്ന വാക്ക് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി പോവുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

ഇന്ന് കേരളത്തിലെ എയര്‍ പോര്ടുകളില്‍ പലയിടത്തും കാണുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇനിയങ്ങോട്ട് കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അമ്ബാസ്സഡാര്മാരായിരിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് നേരത്തെ ബച്ചനോട് ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. തൃശ്ശൂര്‍ പൂരത്തിനു വന്നു ഈ ഹര്‍ത്താല്‍ മഹോത്സവം കാണാന്‍ കഴിയാതെ പോയവരെ അവര്‍ ഇപ്പോള്‍ തന്നെ ഇവിടത്തെ വിശേഷങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഭരണ പക്ഷ പാര്‍ട്ടിയുടെ സംസ്ഥാന സെക്രടരിയെട്ടു നടക്കുന്നതിനാല്‍ അതില്‍ ഇനിയും ഹര്താലുകള്‍ക്ക് മോഡി കൂട്ടാന്‍ എന്തൊക്കെ ചെയ്യാനാവും എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം എന്നറിയുന്നു. കഴിഞ്ഞ ഒരു മാസം ഗള്‍ഫു നാടുകളില്‍ സന്ദര്‍ശനത്തിന്നായി പോയിരുന്ന പാര്‍ട്ടി സെക്രട്ടറി അവിടെ കണ്ട ഹര്‍ത്താല്‍ കാഴ്ചകള്‍ മറ്റു മേമ്ബെര്മാരുമായും മാധ്യമങ്ങളുമായും പങ്കു വെക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്..

ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഹര്ത്താലാഘോഷത്തിന്റെ ലഹരിയിലായതിനാല്‍ നേതാക്കലെയാരെയും ഈ പരിപാടിയില്‍ ഓണ്‍ ലൈനില്‍ കിട്ടിയില്ല.. പകരം കോഴിക്കോട് റെയില്‍വേ സ്റെഷനില്‍ നിന്നും ഒരു യാത്രക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ നമ്മോടൊപ്പം ചേരുന്നു...

".... പറയൂ സുഹൃത്തേ... എങ്ങിനെയുണ്ട് ഇന്നത്തെ ഹര്‍ത്താല്‍ മഹോത്സവം...."
".... ഹര്‍ത്താല്‍ മഹോത്സവമല്ല... നിന്‍റെ... ###@#@#@@**** ............. ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ...@@#####^^ "
"ലൈനില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.... കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും..........

.

Wednesday, April 21, 2010

ചെറിയ ലോകവും വലിയ കളികളും...

.
ചില കളികള്‍ അങ്ങിനെയാണ്.. കളിച്ചു കളിച്ചു അങ്ങ് കാര്യമാവും.. തുടക്കം വെറും തമാശയായിരിക്കും... പക്ഷെ കളി മുറുകുമ്പോള്‍ എപ്പോഴാണ് ഇത് കാര്യമാവുക എന്ന് പറയാന്‍ പറ്റില്ല.. അല്ലെങ്കില്‍ തന്നെ നമ്മുടെ തരൂര്‍ സാറിന്റെ കാര്യം തന്നെ ഒന്ന് നോക്ക്യേ??? യു എന്‍ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാ നമ്മള്‍ സാദാ മലയാളികള്‍ ഇങ്ങിനെ ഒരു വിശ്വമലയാളിയെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നത് തന്നെ...എന്നെ പോലുള്ള ചിലരൊക്കെ യു എന്‍ അണ്ടര്‍ സെക്രട്ടറി എന്ന് കേട്ടതും അന്നായിരുന്നു എന്നത് വേറെ സത്യം.. അന്ന് തുടങ്ങി പിന്നെ കഥകളില്‍ നിന്നെല്ലാം പോയി വേണമെങ്കില്‍ ഒരു നോവല് വരെ എഴുതാവുന്ന തരത്തിലായിരുന്നു മൂപ്പിലാന്റെ കാര്യം... ഏതോ മലയാള സിനിമയില്‍ പറഞ്ഞത് പോലെ നാലഞ്ചുപാട്ടും ഡാന്‍സും പ്രണയവും പെണ്ണു കേസും സ്ടണ്ടും ആക്ഷനും ഒക്കെ അണിനിരന്ന ഉഗ്രന്‍ കൊമേര്‍ഷ്യല്‍ ഫിലിം തന്നെ....

അങ്ങിനെ എ ഐ സി സി ആസ്ഥാനത്ത് പണ്ട് പട്ടാളത്തില്‍ നിന്നും പഠിച്ചതും പിന്നെ വേറെ പലരും ഓതി പഠിപ്പിച്ചതുമായ ഹിന്ദിയും വച്ച് നമ്മുടെ ചില ചോട്ടാ നേതാക്കള്‍ പലതും പറഞ്ഞെങ്കിലും ശശി സാര്‍ സ്ഥാനാര്ത്തിയായി.ആ പ്രസംഗം കൊണ്ട് പോയത് ചില ചോക്ലറ്റ് പിള്ളേരെ പോലെ മലയാളം പറയുന്ന ഒരു ദിക്കന്റെ സ്ഥാനം..

അത് പോട്ടെ അങ്ങിനെ സ്ഥാനാര്ത്തിയായതോടെ പാവത്തിന്റെ കഷ്ട കാലവും തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാരണം രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ കഞ്ഞി പശ മുക്കിയതും മുക്കാത്തതുമായ കദര്‍ വസ്ത്രം അണിയുക..അതില്‍ വേറെയും ചില സൂത്ര പണികള്‍ ചെയ്യുക... ഏത് കാര്യത്തിലും മോളിളിരിക്കുന്നവന്റെ അനുവാദത്തോടു കൂടി മാത്രം "സ്വന്തം"അഭിപ്രായം പറയുക.. വികസനം വികസനം എന്ന് പറഞ്ഞ് കൊണ്ടേ ഇരിക്കുക... ആ വാക്ക് സ്വന്തം കുടീലും കുടുമ്മത്തും മാത്രം പ്രാവര്ത്തികമാക്കുക.. ഹര്‍ത്താലിനെ ടെശീയോല്സവമാക്കുക തുടങ്ങിയ മിനിമം യോഗ്യതയെങ്കിലും വേണ്ട എര്പാടിനാണ് നല്ല കൊടും സൂട്ടും പപ്പാസും ഇട്ടോണ്ട് ഒരാളെ ഇങ്ങോട്ട് കെട്ടിയിരക്കുന്നത്..

ഇവിടത്തെ നാടന്‍ തല്ലും മുട്ടന്‍ തെറിയും മുണ്ട് പരിച്ചടി കളരിയും കഴിഞ്ഞിരിക്കുന്ന പാവം ഗാന്ധിയന്മാര്‍ എങ്ങിനെ സഹിക്കും ഈ കെട്ടിയിറക്കം.. എന്നാല്‍ രാജ്യം ഭരിക്കുന്ന സര്‍ദാര്‍ജിയേയും സര്‍ദാര്‍ജിയെ ഭരിക്കുന്ന മാഡത്തെയും കദര്‍ ഷര്‍ട്ടിനുള്ളില്‍ സിക്സ് പാക്‌ ബോഡിയും ഇന്ത്യന്‍ യുവത്വത്തിന്റെ ഐക്കണ്‍ ആയ പുത്രനെയും എതിര്‍ക്കാന്‍ ആര്‍ക്കു ധൈര്യം..

എന്നാല്‍ എതിര്‍ക്കാതിരിക്കാന്‍ പറ്റുമോ?? അതുമില്ല.. അങ്ങിനെ കളികള്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കൂടിയായി... മുണ്ട് പരിക്കപ്പെട്ടവാന്‍ എതിര്‍ സ്ഥാനാര്ത്തിയായി.. ഇസ്രയേല്‍ ചാരനെന്ന് പ്രചരണമായി.. ടെശീയഗാനതോടുള്ള അനാദരവ്.. കൊഞ്ഞി പറയുന്ന മലയാളം എല്ലാം കുറ്റങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ തിരോന്തൂറത്തുകാര് സാറിനെ പുഷ്പം പോലങ്ങു ജയിപ്പിച്ചു. ജയിച്ചപ്പോള്‍ തന്നെ ദേ കെടക്കുന്നു മന്ത്രിപ്പണി കൂടെ ബോണസ്സായി.. അതോടെ എല്ലാം കൈവിട്ടു പോയെന്നാ എല്ലാരും കരുതിയതും.. കാരണം വിവരമുള്ളവന്മാര്‍ ഇങ്ങോട്ട് വന്നാല്‍ പാവങ്ങള്‍ എങ്ങിനെ പിഴച്ചു പോകും...

അന്ന് ചെയ്തതാ കൂടോത്രം..ഞ്ഹാ.. നമ്മളോടാ കളി കൊണ്ട് വരും അവനെ എന്‍റെ ചാത്തന്മാര്‍ എന്ന് നരേന്ദ്ര പ്രസാദ് സ്റ്റൈലില്‍ പറഞ്ഞില്ലെന്നെയുള്ളൂ... കണ്ടില്ലേ ഇപ്പോള്‍ ചാത്തന്‍മാരുടെ കളി..

ഈ വിശ്വമലയാളി സാര്‍ എന്തൊക്കെ എവിടെയൊക്കെ കളിച്ചു നോക്കി...എന്നെ പോലുള്ള പാവം മലയാളികളെ എന്തൊക്കെ പഠിപ്പിച്ചു.. ട്വിറെര്‍ എന്ന് മലയാളി കേട്ടത് തന്നെ തരൂര്‍ സാറില്‍ നിന്നു തന്നെ.. കാറ്റില്‍ ക്ലാസ്സ്‌ (കന്നുകാലി ക്ലാസ്) എന്നത് കേട്ടതും അവിടുന്ന് തന്നെ.. മാഡത്തെ കുറിച്ച് പറഞ്ഞിട്ടും കുലുക്കം നഹി നഹി.. തരൂര്‍ സാറിന്നും കുലുക്കമില്ല മാഡത്തിന്നും നോ കുലുക്കം...

പാവം വേറൊരു അച്ഛനും മകനും ബുദ്ധിയുരക്കുന്നതിന്നു മുമ്പ് മകന്‍ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഓരോ അക്ഷരങ്ങള്‍ക്ക് പോലും മാപ്പും പറഞ്ഞ് നടക്കുമ്പോളാ ഇവിടെ ശശി മൂപ്പന്‍ ഒരു മടിയുമില്ലാതെ എന്തും പറയുന്നത്.. അതും വെറുതെ പറയുകയല്ല. ഇന്റെര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് ഈരേഴു പതിനാലു ലോകത്തേക്കും വിടുന്നത്.. അലൂമിനിയമാണ് ലോകത്തേക്ക് വച്ച് ഏറ്റവും വിലകൂടിയ ലോഹമെന്നും മദാമ്മ എന്നത് മാഡം എന്നതിന്റെ മലയാളമാണെന്നും കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ മുതല്‍ കേരളം മുതല്‍ ഡല്‍ഹി വരെ എത്തവുമിട്ടു നടക്കുന്ന പാവം എക്സ് കെ പി സി സി പ്രസിഡന്റും ത്രിബിള്‍ എക്സ് മുഖ്യ മന്ത്രി പുത്രനുമായ (ത്രിബിള്‍ എന്ന് വെറുതെ പറഞ്ഞതാ എന്നാമെങ്കില്‍ എന്നിക്കോ.. എത്ര തവണ മുഖ്യ മന്ത്രിയായി എന്ന്.. ) പാവം കരഞ്ഞു വിളിച്ചു നടന്നിട്ടും പാര്‍ട്ടിയില്‍ വെറുമൊരു മെമ്പര്‍ പോലും ആക്കുന്നില്ല അപ്പോഴാ ഈ പറച്ചിലും.. ആരും മിണ്ടുന്നില്ല.. എന്ത് ചെയ്യും അത് തന്നെ പിന്നെ അടുത്ത രക്ഷ... ഏത് നമ്മുടെ കൂടോത്രം...

പിന്നെ ഏല്‍ക്കുന്ന ഒരു സാധനവും കൂടെ കിട്ടി ഒരു പെണ്ണു കേസും.. അപ്പോള്‍ ചൂടിന്റെ കൂടെ പുകയുമായി.. പിന്നെയോ ദേ ഇന്ത്യയില്‍ യുദ്ധത്തേക്കാള്‍ മുന്തിയ യുദ്ധമായ ക്രിക്കെട്ടും.. അത് അതിലേക്കും മുന്തിയ ട്വന്റി ട്വെന്റി യും.. കളി പൊടി പാരണമെങ്കില്‍ അത് ട്വന്റി ട്വന്റി ആവണമെന്ന് ലോകത്തെ പഠിപ്പിച്ചത് ലളിത് മോടിയാ.. അതിനു മോഡി കൂട്ടാന്‍ ലേഡീസ് വേണമെന്ന് കണ്ടു പിടിച്ചതും മൂപ്പിലാനാ.. അത് ചീര്‍ ഗേള്‍സ് ആയാലും മിസ്സ്‌ ട്വന്റി ട്വന്റി ആയാലും.. അപ്പോള്‍ ക്രിക്കറ്റ്‌ ആയി.... ട്വന്റി ട്വന്റി ആയി... സുനന്ധ പുഷ്ക്കരന്‍ ആയി.. ഹോ ഇനിയും കളി മൂര്ച്ച്ചിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ.. കൂട്ടത്തില്‍ നുമ്മടെ കൊച്ചിയും..

ഇനി പറ നിങ്ങള്ക്ക് കൂടോത്രത്ത്തില്‍ വിശ്വാസമുണ്ടോ ഇല്ലെങ്കില്‍ ഇത് തന്നെ നോക്കൂ.. കേരളത്തില്‍ നിന്നും തുടങ്ങിയ ഒരു കഥ അവസാനിക്കേണ്ടതും കേരളത്തിന്റെ പേരില്‍ തന്നെ ആവണ്ടേ??? അല്ലെങ്കില്‍ പിന്നെ
നുമ്മടെ ചാത്തന്‍ മാരുടെ പേര് വല്ല ഗോസായി മാറും അങ്ങ് കൊണ്ട് പോവില്ലേ.. പിന്നെ ആളൊരു വിശ്വ പൌരനായത് കൊണ്ട് നുമ്മടെ ചാത്തന്മാരും ഒരു കളി കളിച്ചതാ.. അത് കൊണ്ടാ കളിയിലെ താരങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വന്നത്.. കന്യാ കുമാരി മുതല്‍ കാശ്മീര്‍ വരെ എന്ന് പറഞ്ഞ കേട്ടിട്ടില്ലേ... കന്യാ കുമാരിയുടെ അടുത്തു നിന്നും ജയിച്ച തരൂര്‍ സാരെന്തിനാ അല്ലെങ്കില്‍ അങ്ങ് കാഷ്മീരിയുമായി ബന്ധമുണ്ടാക്കിയത്.?? നടുവില്‍ കിടക്കുന്ന ഗുജറാത്‌കാരന്‍ മോഡിയുമായി എന്തിനാ ഒരു പ്രശ്നമുണ്ടായത്.. ഇതാണ് കുട്ടിച്ചാത്തന്‍ മാഹാത്മ്യം..

പിന്നെ നൂറു കോടി ജന്മങ്ങളില്‍ പകുതിയിലധികവും പട്ടിണിയാ പട്ടിണിയാ എന്ന് പറയുംപോലാ ഇവിടെ ഒരൊറ്റ പെന്നുംപിള്ളക്ക് തൊണ്ണൂറു കോടിയുടെ ഷെയര്‍ ഫ്രീ ആയി കിട്ടുന്നത്.. അതാ ഈ കളിയുടെ ഒരു രഹസ്യം.. അല്ലാതെ ഞങ്ങള്‍ കളിയും കണ്ടു ബെറ്റ് വെച്ച് കയ്യില്‍ നിന്നും കളയുന്ന പത്തോ നൂറോ അല്ല എന്ന്... കോടികള്‍ അതിന്റെ മേലാ ഈ കളി..

അങ്ങിനെ പറഞ്ഞ് പറഞ്ഞ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് എന്നത് ഇന്റര്‍ നാഷണല്‍ പെണ്ണുകേസ് ലീഗ് എന്നതിലെത്തി നില്‍ക്കുകയാണിപ്പോള്‍... എല്ലാം ഇപ്പോള്‍ പെണ്ണുമയം ... തുടങ്ങിയത് നേരത്തെ പറഞ്ഞത് പോലെ സുനന്ധ പുഷ്കരില്‍ നിന്നുമാനെങ്കില്‍ ഇപ്പോള്‍ അതൊക്കെ വിട്ടു പോയി ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ലെവലില്‍ ആണ് നില്‍ക്കുന്നത്... സൌത്ത് ആഫ്രികന്‍ മോഡല് .. ലോകത്തെ ഏറ്റവും സെക്സിയായ നൂറു പേരില്‍ ഒരുവള്‍ അങ്ങിനെ ഒരു വെടിക്കുള്ള മരുന്നും നിറച്ചു നില്‍ക്കുന്ന ഗബ്രിയേല ഡെമെത്രിയേഡ്സ്
(Gabriella Demetriades). ഇങ്ങിനെ തന്നെയാണ് ഈ പേര് പറയുക എന്ന് തോന്നുന്നു..
ഈ പെണ്ണിനെന്താ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കാര്യം എന്നല്ലേ.. രണ്ടായിരത്തി ഒമ്പതില്‍ നടന്ന മിസ്സ്‌ ഐ പി
എല്ലിലെ ഒരു മത്സരാര്ത്തിയായിരുന്നു പാവം ഗബ്റിയേല കൊച്ച്.. അതൊരു കൊച്ച് തന്നെയാ, ഇരുപത്തി മൂന്നു വയസ്സ് മാത്രം.. ഈ കൊച്ചിന് ഇന്ത്യയിലേക്ക്‌ വിസ കൊടുക്കരുത് എന്ന് മോഡി സാര്‍ അന്ന് തന്നെ തരൂര്‍ സാറിന്റെ ഓഫീസില്‍ പറഞ്ഞതുമാ..ആ കൊച്ച് ഇന്ത്യയില്‍ വന്നാല്‍ മോഡി സാറിന്റെ കുടുംബം കൊഞാട്ടയാവുമെന്നും പറഞ്ഞതാ... പക്ഷെ കേട്ടില്ല.. വിസ കൊടുത്തു.. വിദേശ മന്ത്രിയോ ഐ പി എല്‍ ചെയര്‍മാനോ ആരാണ് വലുതെന്നു കാണിച്ചു തരാം എന്ന് അന്ന് മോഡി മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാവുമെന്നു ഉറപ്പ്... അല്ല പിന്നെ പെണ്ണു കേസുമായി ചെന്നാല്‍ ഒന്ന് രക്ഷിക്കണ്ടേ??... അല്ലാതെ അന്ന് പണി തന്നു അങ്ങിനെ മാന്യനായി ഇരിക്കാമെന്ന് തരൂര്‍ സാര്‍ നോക്കിയാല്‍ വെറുതെ വിടാന്‍ മോഡിയെന്താ കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കളോ.....

മോഡിയും ഗബ്രിയെലയും തമ്മില്‍ എന്താണ്‌ കിടപ്പുവശം എന്ന് സത്യമായിട്ടും എനിക്കറിയില്ല... ആകെ അറിയുന്നത് ഏതാണ്ട് ഒരു വശപ്പിഷകുന്ടെന്നു മാത്രം.

എന്ത് പറഞ്ഞാലും കളി ഇപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല... കളി തുടങ്ങിയപ്പോള്‍ തന്നെ കാശുകാരന്റെ കളിയാണെന്ന് എല്ലാവരും പറഞ്ഞതാ.. പിന്നെ അതില്‍ കള്ളായി.... സിനിമയായി..രാഷ്ട്രീയമായി... ഇപ്പോള്‍ ഇതാ പെണ്ണു കേസുമായി... ഇനി ഈ കളി എവിടെ ചെന്നവസാനിക്കും എന്നറിയില്ല.. അതിന്നും കുട്ടിചാത്തന്‍ തന്നെ ശരണം.....ലീവെടുത്ത് കളികാണുന്ന കുട്ടിച്ചാത്തന്‍മാരല്ല. ശരിയായ ചാത്തന്‍ മാര്‍ തന്നെ....

തരൂര്‍ സാറിനോട് സ്നേഹത്തോടെ ഒരുപദേശം ചാത്തന്റെ ഉപദ്രവം ഇപ്പോള്‍ മന്ത്രിപ്പണിയെ കലഞ്ഞുള്ളൂ... കേരളത്തില്‍ ഇങ്ങിനെ ഒരു പാട് ചാത്തന്‍മാറും മന്ത്രവാദികളും ഇനിയുമുണ്ട്... പെണ്ണു കേസുമായി ബന്ടപ്പെട്ടു മന്ത്രിപ്പണി പോക്കൊന്നും കേരളത്തിന്നു ഒരു പുത്തരിയല്ല.... പ്രധാന മന്ത്രി പറഞ്ഞത് പോലെ രാസ്ട്രീയത്ത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഇങ്ങിനെ വന്നും പോയും ഇരിക്കും.. കഴിവുള്ള നട്ടെല്ലുള്ള ഒരു നേതാവിനെ ഞങ്ങള്‍ താങ്കളില്‍ കണ്ടതുമായിരുന്നു...പക്ഷെ.... കളി തുടങ്ങുമ്പോള്‍ ഒന്ന് ഇവറ്റകളെയൊക്കെ ഒന്ന് കണ്ടു തുടങ്ങുക.. അധികം അടുപ്പിക്കരുത്‌ അകട്ടുകയുമാരുത് ഒരു മിഡില്‍ ലെവലില്‍ അങ്ങ് പോവുക ... ഇതിലും വലിയ കളി കണ്ടാലും നമുക്ക് ഐ പി എല്ലുമതി എന്ന് പറയുന്ന പൊതു ജനം ഇവിടെ തന്നെയുണ്ടാവും...

എന്നാല്‍ ഇനി കളി അങ്ങട് തുടരട്ടെ!!!

.