
പക്ഷെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ആവേശവും ആത്മാര്‍ത്തതയും നാം മലയാളികള്‍ അതിനപ്പുറം അതിന്റെ പ്രയോഗവത്കരണത്തില്‍ കാണിക്കാറില്ല എന്നതാണ് അതിലും വലിയ ഒരു സത്യം. അല്ലെങ്കില്‍ ഒരു പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തു വെക്കുന്ന മലയാളി പക്ഷെ പല കാര്യങ്ങളും ദിവസങ്ങള്‍ക്കകം മറക്കുകയും ചെയ്യുന്നു.അതുമല്ലെങ്കില്‍ വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും എന്നത് ജീവിത ചര്യയാക്കിയിരിക്കുകയാണ് എല്ലാ മലയാളികളും.
മലയാളികള്‍ മൊത്തം ഇങ്ങിനെയാവുംപോള്‍ പ്രവാസികളായ മലയാളികള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആവുകയാണ്.എന്നും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പോലും മറക്കുന്ന ഈ പ്രവാസികള്‍ എന്നും നഷ്ടപെടലുകളുടെയും മുതലെടുപ്പുകളുടെയും നിശബ്ദ ഇരകളാവുകയാണ് പതിവും.
കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര തിരിച്ച നൂറ്റിഅമ്പത്തെട്ടു യാത്രക്കാര്‍ അവരുടെ ജീവിത യാത്ര മംഗലാപുരം എയര്‍പോര്‍ടില്‍ അവസാനിക്കേണ്ടി വന്ന ദുരന്തം മലയാളികളുടെ മനസ്സില്‍ നിന്നും മലയാള ചാനലുകളുടെ ന്യൂസ് റൂമില്‍ നിന്നും ഇനിയും മാറിയിട്ടില്ല.. അന്നേ ദിവസം ഈ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാണിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും മറക്കാറായിട്ടില്ല.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കളായ യാത്രികരെ കൃത്യം പതിനെട്ടു മണിക്കൂര്‍ ഈ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ എന്തിന്നു അതിന്റെ ഡയരക്ടെര്‍മാരില്‍ ഒരാളും പ്രമുഖ പ്രവാസിയുമായ എം എ യുസഫലിക്ക് പോലും കൃത്യമായ വിവരം നല്കാന് തയ്യാറായിരുന്നില്ല എന്നതും ഈ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നു.
അന്ന് നടന്ന ചര്‍ച്ചകളിലും ടോക് ഷോകളിലും ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ദുരന്തത്തിന്റെ നഷ്ടപ്പെടലുകളും വേദനകളും കഴിഞ്ഞാല്‍ എയര്‍ ഇന്ത്യയും ഇന്ത്യനും അടങ്ങുന്ന വിമാന കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മയും മര്യാദയില്ലായ്മയും ആയിരുന്നു. ഇതിന്നു ഒരു മാറ്റം വരണമെങ്കില്‍ ഇത്തരം വിമാന കമ്പനികളെ അവഗണിക്കാന്‍ മുഴുവന്‍ പ്രവാസികളും തയ്യാറാവണമെന്നായിരുന്നു ബുദ്ധി ജീവിനാട്യക്കാരായ മുഴുവന്‍ ആളുകളും ഉപദേശിച്ചതും.
പക്ഷെ സാധാരണക്കാരനായ പ്രവാസി വീണ്ടും ഇതേ വിമാനങ്ങളെ ആശ്രയിക്കും എന്നതും വീണ്ടും വിധേയന്മാരായ തോമ്മിമാരായി ഈ "പ്രയാസി"കള്‍ തങ്ങളുടെ കാല്ക്കീഴില് വാലും ചുരുട്ടി ഇരിക്കും എന്നതും ഈ പട്ടേലര്മാര്ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആരു വേണമെങ്കിലും കുരച്ചോട്ടെ ഞങ്ങള്‍ ഒരു ഇഞ്ച് പോയിട്ട് ഒരു മില്ലിമീറ്റര്‍ പോലും മാറാന്‍ തയാറല്ല എന്നതാണ് ഈ കമ്പനി മാനേജ്മെന്റുകളുടെ മനോഗതി.
ശവംതീനികഴുകന്മാരുടെ കൊക്ക് മൂര്ച്ച്ചകൂട്ടലുകളും ചിറകു കുടയലുകളും ഒരിക്കലും അവസാനിപ്പിക്കില്ല എന്നത് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ IX536 വിമാനം കൃത്യം നാല്പത്തിരണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തിരിച്ചത്. 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലും ഹോട്ടെലിലുമായി നരകയാതന അനുഭവിക്കേണ്ടി വന്നത്.
ഇന്ത്യയില്‍ നിന്നും ഒരു വിമാനം ദുബയിലെക്കോ ഷാര്‍ജയിലെക്കോ എത്തിച്ചേരാനുള്ള മാക്സിമം യാത്രാസമയം വെറും നാല് മണിക്കൂറിനുള്ളില്‍ മാത്രമാനെന്നിരിക്കെയാണ് കേടായ വിമാനത്തിന്റെ പേരും പറഞ്ഞു നാല്പതിലധികം മണിക്കൂറുകള്‍ യാത്രികരെ വിമാന താവളങ്ങളില്‍ കുടുക്കിയിട്ടത് എന്നും മനസ്സിലാക്കണം.ഇന്ത്യയില്‍ നിന്നും എന്ജിനീയര്മാരെയും എക്യുപ്മെന്റുകളും കൊണ്ട് വന്നു കേടായ വിമാനം നന്നാക്കാന്‍ ശ്രമിക്കുന്ന മാനേജുമെന്റ് മറ്റൊരു വിമാനം നാട്ടില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ പോലും ഈ പാവം യാത്രികര്‍ കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തുമായിരുന്നു.
പല അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയും നാട്ടിലേക്ക് പോവാന്‍ ടിക്കെറ്റെടുത്തവര്‍ക്ക് ഈ ഒരു അനുഭവമുണ്ടാകുംപോള്‍, ആരെ പഴിക്കണം ആരെ ശപിക്കണം എന്നറിയാതെ ഇരിക്കുമ്പോള്‍, ലോകത്ത് മറ്റൊരു വിമാന കമ്പനികളിലും നടക്കാത്ത ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ ഈ കമ്പനികളെ നിലനിര്‍ത്തുന്ന പ്രവാസികളെ കൊണ്ട് എന്തു ചെയ്യാനാകും എന്നതാണ് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം .
വാല്‍ക്കഷണം.
സംസാരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന ഒരു കമന്ട്... " ഇത് പഴയ കടത്തുകാരന്റെയും മകന്റെയും കഥപോലെയാണ്.. ദുരന്തം നടന്ന ദിവസം പതിനെട്ടു മണിക്കൂര്‍ മാത്രമല്ലേ വിമാനം വൈകിയുള്ളൂ.. ഈ നാല്പത്തി രണ്ടു മണിക്കൂറിനെ അപേക്ഷിച്ച് അത് വളരെ ചെറിയ സമയമല്ലേ?....അപ്പോള്‍ ദുരന്ത ദിവസം വിമാന കമ്പനി അധികൃതര്‍ ഉണര്‍ന്നു പ്രവര്ത്തിച്ച്ചില്ല എന്ന് പറഞ്ഞവന്മാര് മുഴുവന്‍ മാപ്പ് പറയണം........"
ഞാന്‍ ആദ്യമേ പറയുന്നു " മാപ്പ്... മുഴുവന്‍ പ്രവാസികളോടും..... ഈ ലോകത്തോടും ... ഈ വിമാനകമ്പനികള്‍ എന്റെ രാജ്യത്തിന്റെതായതിനാല്‍... മാപ്പ്..."
.