.

കേരളത്തില്‍ മഴ ശക്തമാവാന്‍ തുടങ്ങുന്നതേ ഉള്ളൂ. വരും ദിവസങ്ങളില്‍ മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. എന്നാല്‍ മഴ തുടങ്ങും മുമ്പേ തന്നെ കേരളം പനി പിടിച്ചും പനി പേടിച്ചും വിറക്കാന്‍ തുടങ്ങി.
ഓരോ ദിവസവും ആയിരക്കണക്കിനാണ് കേരളത്തില്‍ പനി ബാധിച്ചു ചികിത്സക്കെത്തുന്നവര്‍.പനി മരണങ്ങളും സംഭവിച്ചു തുടങ്ങി.ദിവസങ്ങള്‍ കഴിയുന്തോറും ഈ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാവും എന്നാണ് കരുതപ്പെടുന്നതും.
ജില്ല തിരിച്ചും തരം തിരിച്ചുമുള്ള പനിക്കണക്കുകളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതിലധികം എച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും അധികം എച് 1 എന്‍ 1 പടരുന്ന സംസ്ഥാനമായാണ് കേരളത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് കാണിക്കുന്നതും.
ഓരോ പനിക്കാലത്തും പുതിയ പുതിയ വാക്കുകള്‍ പനിപ്പേരുകളായി കേരളം പഠിക്കുന്നുണ്ട് എന്നതാണ് ഇത് കൊണ്ടുള്ള ഒരേയൊരു നേട്ടം. ഡെങ്കി പനി, എലിപ്പനി, പന്നിപനി എന്നിങ്ങനെ ലോകത്തുള്ള സകലമാന മൃഗങ്ങളുടെയും പേരില്‍ പനി കണ്ടു പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതല്ലാതെ ചികുന്‍ ഗുനിയ പോലുള്ള പനികളും മലയാളിക്ക് സുപരിചിതമാണ്. എന്നെ പോലുള്ള ചില വിവര ടോഷികള്‍ ആദ്യം ഇതിനെ "ചിക്കന്‍" ഗുനിയ എന്നും, ഇതിന്നു ചിക്കന്‍ അഥവാ കോഴിയുമായി ബന്ധമുണ്ടെന്നും കരുതി കുറച്ചു കാലമെങ്കിലും ചിക്കനോടും വിരോധം കാണിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍ ചികുന്‍ ഗുനിയ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും സന്ധികളില്‍ വേദന തോന്നുന്നുണ്ടാവും.കഴിഞ്ഞ മഴക്കാലത്ത് വന്ന ചികുന്‍ ഗുനിയയുടെ വേദന പലര്‍ക്കും ഇപ്പോള്‍ മാറിതുടങ്ങിയതെ ഉള്ളൂ .
മഴയെത്തും മുമ്പേ പനിയെത്തിയതിനാല്‍ ഈ പനിയൊരു ജലജന്യ രോഗമല്ല എന്നത് വ്യക്തമാണ്. ജലജന്യമല്ല എന്നത് കൊണ്ട് തന്നെ ഈ പകര്‍ച്ച വ്യാധികള്‍ എങ്ങിനെയുണ്ടാവുന്നു എന്നും എങ്ങിനെ പടരുന്നു എന്നതും നാം ഓരോരുത്തരും ചിന്തിക്കെണ്ടതുമാണ്.
വിദഗ്ധരുടെ അഭിപ്രായത്തില്‍ "ഈഡിസ്" വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ( Aedes mosquito ) ഇത്തരം പകര്‍ച്ച പനികളുടെ, പ്രത്യേകിച്ചും ചികുന്‍ ഗുനിയ പോലുള്ളവയുടെ, വാഹകര്‍. ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഇത്തരം കൊതുകുകളുടെ വംശനശീകരണം തന്നെയാണ് ഈ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗവും.
കൊതുക് നശീകരണം എന്നത് ഏതെങ്കിലും ഒരു മഴക്കാലത്തും പനിക്കാലത്തും മാത്രം നടത്തുന്ന ഒരു ചടങ്ങ് മാത്രമാക്കി മാറ്റുന്നതാണ് ഇത്തരം രോഗങ്ങളെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഗവണ്മെന്റ് സ്ഥാപനങ്ങളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും സേവന സംഘടനകളുടെയോ മാത്രം ഉത്തരവാദിത്വം അല്ല എന്നതും ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.
കൊതുക് നശീകരനത്തിന്നു ഉപയോഗിക്കാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാവരും ഉപയോഗിക്കുക തന്നെ ചെയ്യണം. അത് പരിസര ശുചീകരണമായാലും കൊതുകിനെ നശിപ്പിക്കുന്ന "ഗപ്പി" പോലുള്ള മീനുകളെയും മറ്റും വളര്ത്തലായാലും, കീടനാശിനികളുടെയും മറ്റു മരുന്നുകളുടെയും ഉപയോഗമായാലും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഓരോ വ്യക്തിയും സ്വന്തം ഉത്തരവാധിത്വമായി ഏറ്റെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.
ഇത്തവണ ഇതുവരെ ചികുന്‍ ഗുനിയയും എച്1 എന്‍1 ഉം കൂടാതെ മലമ്പനിയും കേരളത്തില്‍ ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും മഞ്ഞപ്പിത്തമടക്കമുള്ള മറ്റു പകര്‍ച്ച വ്യാധികളുടെ വ്യാപനവും ഭീതിയോടെയും അതെ സമയം ശ്രദ്ധയോടെയും കാണേണ്ട കാര്യമാണ്.
മുന്‍കാലങ്ങളില്‍ പനി എന്നത് വളരെ നിസ്സാരമായ ഒരു രോഗമായിരുന്നെങ്കില്‍ ഇന്ന് അത് മരണകാരണം പോലുമാകുന്ന അതിഭീകര രോഗമാവുന്നു എന്നതും ഭയാനകരമായ സത്യമാണ്.
എന്നാല്‍ ഏത് കാര്യവും വിവാദങ്ങളുടെ അകമ്പടിയോടു കൂടിമാത്രം അവതരിക്കുക എന്നത് ഇപ്പോള്‍ കേരളത്തിന്റെ ഒരു സ്വഭാവമായി മാരിയിട്ടുന്ടെന്നത് കൊണ്ട് തന്നെ ഈ പനിയും വിവാദങ്ങളില്‍ നിന്നും മുക്തമാവുന്നില്ല എന്നതാണ് ഈ രോഗാവസ്തയെക്കാള്‍ നമ്മെ വിഷമിപ്പിക്കുന്നത്.
വിവാദം തുടങ്ങി വച്ചിരിക്കുന്നത് ബഹുമാന്യയായ ആരോഗ്യ വകുപ്പ് മന്ത്രി തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പറയപ്പെടുന്നത് പോലെയുള്ള പനിയും മറ്റു പകര്‍ച്ചവ്യാധികളുമില്ലെന്നും വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് ഈ പനിക്കണക്കുകള്‍ക്ക് പിന്നിലുള്ളത് എന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന. പനി ബാധിതരുടെ എണ്ണവും കണക്കും കാണിച്ചു പ്രതിപക്ഷവും മാധ്യമ സിണ്ടിക്കേട്ടുകളും മുന്നോട്ടു വന്നതോടെ വിവാദം കൊഴുക്കുവാനും തുടങ്ങി. മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ എച്1 എന്‍1 പനി ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി എന്നത് പ്രതിപക്ഷത്തിനു കിട്ടിയ മൂര്‍ച്ചയേറിയ ആയുധവുമായി.
പല ജാതി കൊതുകുകള്‍ ഉണ്ടെന്നത് മലയാളിക്കറിയാമായിരുന്നെങ്കിലും കൊതുകുകള്‍ക്കിടയില്‍ രാഷ്ട്രീയ ചേരിതിരിവ് ഉള്ളതായി ഇതുവരെ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ സഹായത്തോടെയാണ് ഇക്കാര്യം മലയാളി മനസ്സിലാക്കുന്നത്. കാരണം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരായിരിക്കും.
അപ്പോള്‍ ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണ പക്ഷത്തെ തോല്പ്പിക്കാനെത്ത്തിയ ഈ കൊതുകുകള്‍ തീര്‍ച്ചയായും യു ഡി എഫ് കൊതുകുകളോ അല്ലെങ്കില്‍ ബി ജെ പി കൊതുകുകളോ ആയിരിക്കും. ഇനിയതല്ലെങ്കില്‍ അടുത്ത കാലത്തായി എല്‍ ഡി എഫുമായി തെറ്റിയ സോളിഡാരിറ്റിയോ ഐ എന്‍ എല്ലോ ആവാനും മതി.
അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ഈ കൊതുകുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മന്ത്രി സഖാവോ അല്ലെങ്കില്‍ മന്ത്രിയുടെ പാര്‍ട്ടിയിലെ മറ്റു നേതൃ സഖാക്കളോ താമസം വിനാ ഈ കൊതുകുകളുടെ മതവും വര്‍ഗ്ഗവും

വര്‍ഗ്ഗീയതയുമൊക്കെ തിരിച്ചറിയാനും മതി. ആയതിനാല്‍ നമുക്ക് കാത്തിരിക്കാം ഈ കൊതുകുകളുടെയും പകര്ച്ചപനികളുടെയും ജാതിയും മതവും രാഷ്ട്രീയവുമായ കണക്കുകള്‍ക്ക് വേണ്ടി.
വാല്‍ക്കഷണം.പനിയുടെയും കൊതുകിന്റെയും രാഷ്ട്രീയം കണ്ടു പിടിക്കാന്‍ മിനക്കെടുന്ന ബഹുമാന്യ മന്ത്രിയോട് ഒരു അപേക്ഷ . കേരളത്തില്‍ അങ്ങോളമിങ്ങോളം പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ കേരളം മുഴുവന്‍ നിങ്ങള്‍ കൊതുക് നശീകരണവും ശുചീകരണവും നടത്തേണ്ട. പകരം കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള മുഴുവന്‍ ആരോഗ്യ കേന്ത്രങ്ങളിലും മാത്രം ശുചീകരനത്തിന്നു വേണ്ട നടപടിയെടുക്കുക.
അങ്ങിനെയെങ്കില്‍ പനിപിടിച്ചാല്‍ സമാധാനമായി അവിടെപ്പോയി കിടക്കാനെങ്കിലും പാവം മലയാളികള്‍ക്ക് സാധിക്കും എന്നുമാത്രമല്ല ഇത്തരം പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു വലിയ അളവ് വരെ കുരവുമുണ്ടാകും എന്നത് ഉറപ്പാണ്.
ഇനി അത് ചെയ്യാന്‍ പോലും തയാറല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും വെറുത്തു തുടങ്ങിയ പൊതുജനം ഇപ്പോള്‍ എസി കാറുകളില്‍ കൊടിവച്ചു പറക്കുന്ന നിങ്ങളെയോരോരുത്തരെയും ഈ കൊതുകുകളെക്കാള്‍ നികൃഷ്ടരായി കാണുന്ന ഒരു കാലം വരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
.